ന്യൂ ഡൽഹി: ലിബിയയിൽ ഏഴു ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായും രക്ഷപെടുത്താൻ ശ്രമം ഊർജിതമാണെന്നും,ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രാലയം. ആന്ധ്രാപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് ഇന്ത്യക്കാരെ കഴിഞ്ഞ മാസമാണ് തട്ടിക്കൊണ്ടുപോയതെന്നും, ഇവരെ മോചിപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സെപ്റ്റംബർ 14 ന് ഇന്ത്യയിലേക്ക് തിരിക്കാൻ ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുന്നവഴി അശ്വറിഫ് എന്ന സ്ഥലത്തുവെച്ചാണ് അജ്ഞാത സംഘം ഇവരെ തട്ടിക്കൊണ്ടുപോയത്. “സർക്കാർ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്, ലിബിയൻ അധികാരികളുമായും തൊഴിലുടമയുമായും കൂടിയാലോചിച്ച് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നമ്മുടെ പൗരന്മാരെ കണ്ടെത്താനും അവരെ തടവിൽ നിന്ന് എത്രയും വേഗം മോചിപ്പിക്കാനും കഴിയും,” അദ്ദേഹം പറഞ്ഞു. . കൺസ്ട്രക്ഷൻ ആന്റ് ഓയിൽ ഫീൽഡ് സപ്ലൈസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്.


