തിരുവനന്തപുരം: കാര്യങ്ങൾ ഫലപ്രദമായി അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ നീക്കം തുറന്നുകാട്ടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണക്കടത്ത് കേസിൽ എല്ലാം അന്വേഷിക്കും. എൻഐഎയുടെ അന്വേഷണത്തെ ചോദ്യം ചെയ്തിട്ടില്ല. വിവാദങ്ങളിൽ പാർട്ടിക്കുള്ള അഭിപ്രായം പാർട്ടിയും സർക്കാർ അഭിപ്രായം സർക്കാരും പറയുമെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബാബറി മസ്ജിദ് തകർത്തത് ലോകം മുഴുവൻ കണ്ടതാണ്. ആരൊക്കെയാണ് പള്ളി പൊളിച്ചതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ കേസിലെ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാൻ സിബിഐക്ക് സാധിച്ചില്ല. അങ്ങനെയുള്ള സിബിഐയെയാണ് കേരളത്തിൽ വാഴ്ത്തിപാടുന്നത്. കഴിവുള്ള ഉദ്യോഗസ്ഥരെ മൂലയ്ക്ക് ഇരുത്തി രാഷ്ട്രീയ ആയുധമാക്കുന്നതിനെയാണ് എതിർക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
രാജ്യത്ത് നിയമവാഴ്ച ഇല്ലാതാകുകയാണ്. ബാബറി മസ്ജിദ് വിധി അതിന് ഉദാഹരണമാണെന്ന് കോടിയേരി പറഞ്ഞു. ഒരു വിഭാഗത്തിന് നീതി നിഷേധിക്കപ്പെടുമ്പോഴും കേന്ദ്രസർക്കാർ നോക്കുകുത്തിയാകുകയാണ്. രാജ്യത്ത് സ്ത്രീ സുരക്ഷ ഇല്ലാതാകുന്നതിന് ഉദാഹരണമാണ് ഉത്തർപ്രദേശ് സംഭവം. കേരളത്തിൽ കോൺഗ്രസ്-ബിജെപി ചങ്ങാത്തമാണ് നടക്കുന്നത്. ബിജെപിയുടെ ആഗ്രഹം കോൺഗ്രസ് നടപ്പിലാക്കുന്നു. കോൺഗ്രസ് ആർഎസ്എസിനെ ചെറുക്കുന്നില്ല. സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും കോടിയേരി കൂട്ടിച്ചേർത്തു.