
മനാമ: പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബഹ്റൈനില്‍ ഈദുല്‍ ഫിത്തറിന് മുന്നോടിയായി വ്യവസായ- വാണിജ്യ മന്ത്രാലയം വിപണികളിലും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന ഊര്‍ജിതമാക്കി.
സാധനങ്ങളുടെ തുടര്‍ച്ചയായ നിരീക്ഷണം ഉറപ്പാക്കാനും വില സ്ഥിരത നിലനിര്‍ത്താനും സ്ഥാപനങ്ങള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇടപാടുകളില്‍ ഉപഭോക്തൃ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നതെന്ന് കണ്ട്രോള് ആന്റ് റിസോഴ്സസ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്‍ അസീസ് അല്‍ അഷ്റഫ് പറഞ്ഞു.
പഴം- പച്ചക്കറിക്കടകള്‍, ബ്യൂട്ടി സലൂണുകള്‍, തയ്യല്ശാലകള്, മധുരപലഹാരക്കടകള്‍, ബേക്കറികള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് കിച്ചണുകള്‍, മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരിശോധന നടക്കുന്നു.
വില്‍പ്പന രീതികള്‍, കിഴിവുകള്‍, പ്രമോഷണല്‍ ഓഫറുകള്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുക, വില സുതാര്യത ഉറപ്പാക്കുക, തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനുകളിലൂടെയോ അന്യായമായ വിലവര്ധനവിലൂടെയോ വര്‍ധിച്ച ഡിമാന്‍ഡ് ചൂഷണം ചെയ്യുന്നത് തടയുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം പറഞ്ഞു.


