
മനാമ: ബഹ്റൈനിലെ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സനൊപ്പം ഷിഫ നാഷണല്‍ മെഡിക്കല്‍ സപ്ലൈയുടെ സെന്‍ട്രല്‍ വെയര്‍ഹൗസുകള്‍ പരിശോധിച്ചു.
ബഹ്റൈനിലെ മെഡിക്കല്‍ വിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനും മരുന്നുകളുടെയും മെഡിക്കല്‍ സപ്ലൈകളുടെയും കാര്യക്ഷമതയും സുസ്ഥിര ലഭ്യതയും ഉറപ്പാക്കാനും ആരോഗ്യ മേഖലയുടെ തുടര്‍ച്ചയായ വികസനത്തിനും ജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കാനും പിന്തുണ നല്‍കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം.
ആരോഗ്യ മേഖലയുടെ പ്രകടനം മെച്ചപ്പെടുത്താനും മരുന്നുകളുടെയും മെഡിക്കല്‍ സപ്ലൈകളുടെയും വിതരണത്തില്‍ ഉയര്‍ന്ന നിലവാരവും സുരക്ഷയും ഉറപ്പാക്കാനുമായി സംഭരണ, വിതരണ സംവിധാനങ്ങളുടെ വികസനം തുടര്‍ച്ചയായി നടക്കുന്നുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല പറഞ്ഞു.
ഔഷധ വിതരണ സംവിധാനത്തിന്റെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നത് ആരോഗ്യ സേവനങ്ങളുടെ തുടര്‍ച്ചയെ പിന്തുണയ്ക്കുകയും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലുടനീളം സന്നദ്ധത വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി ഡോ. ജലീല പറഞ്ഞു.


