
മനാമ: ബഹ്റൈനിലെ സഫ്ര നടപ്പാതയുടെ ആദ്യ ഘട്ടം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പാലിറ്റി-കാര്‍ഷിക മന്ത്രാലയം സംഘടിപ്പിച്ച ബഹ്റൈന്‍ സ്പോര്‍ട്സ് ദിനാഘോഷത്തിന്റെ ഭാഗമായാണ് ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ ഉപപ്രധാനമന്ത്രി സതേണ്‍ ഗവര്‍ണറേറ്റിലെ താമസക്കാരുമായി സംസാരിക്കുകയും അതിഥികളെ നടത്ത പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്, സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കാപ്പിറ്റല്‍ മുനിസിപ്പാലിറ്റിയുടെയും തദ്ദേശ കൗണ്‍സിലുകളുടെയും തലവന്മാര്, സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
അവാലി റൗണ്ട്എബൗട്ടിനടുത്തുള്ള ഷെയ്ഖ് സല്മാന് ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന സഫ്ര നടപ്പാതയുടെ ആദ്യ ഘട്ടം 1.2 കിലോമീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ളതാണ്. കായിക പ്രവര്‍ത്തനങ്ങള്‍ക്കായി വാം-അപ്പ് ഉപകരണങ്ങള്‍ സജ്ജീകരിച്ച ഒരു പ്രത്യേക സ്ഥലം ഇതില്‍ ഉള്‍പ്പെടുന്നു. തണല്‍ മരങ്ങളും ഈന്തപ്പനകളും ഉപയോഗിച്ചുള്ള ലാന്‍ഡ്സ്കേപ്പിംഗും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.


