
മനാമ: പരിസ്ഥിതി അവബോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്വയോണ്മെന്റും (എസ്.സി.ഇ) യുവജനകാര്യ മന്ത്രാലയവും സംയുക്തമായി മാലിന്യ സംസ്കരണത്തിലെ നവീകരണത്തെക്കുറിച്ച് യുവജനങ്ങള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണവും മാലിന്യ സംസ്കരണത്തിലെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ട് ദേശീയ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് എസ്.സി.ഇ. സംഘടിപ്പിച്ചുവരുന്ന ബോധവല്‍ക്കരണ ശില്പശാലകളുടെ പരമ്പരയുടെ ഭാഗമായാണ് ഈ പരിപാടി നടന്നത്.
ദേശീയ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ യുവാക്കള്‍ ഒരു അടിസ്ഥാന സ്തംഭമാണെന്ന് എസ്.സി.ഇ. ചീഫ് എക്സിക്യൂട്ടീവ് അംന ഹമദ് അല്‍ റുമൈഹി പറഞ്ഞു.
മാലിന്യ ശേഖരണത്തിനും പുനരുപയോഗത്തിനുമുള്ള സാങ്കേതിക രീതികള്‍ വികസിപ്പിക്കുന്നതിനായി പങ്കെടുക്കുന്നവരെ ടീമുകളായി വിഭജിച്ച ഗ്രൂപ്പ് വര്‍ക്കിംഗ് സെഷനുകളുമുണ്ടായിരുന്നു. തുടര്‍ന്ന് ഫലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു.


