
മനാമ: ബഹ്റൈനില്‍ റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ (ആര്.എച്ച്.എഫ്) പിന്തുണയുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഹിജ്റ 1447 (2026) വര്‍ഷത്തേക്കുള്ള വാര്‍ഷിക റമദാന് വിഭവങ്ങള്‍ വിതരണം ചെയ്യാന്‍ ഫൗണ്ടേഷന് ഓണററി പ്രസിഡന്റ് കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദേശം പുറപ്പെടുവിച്ചു.
പുണ്യമാസമായ റമദാന് ആസന്നമാകുമ്പോള്‍ രാജാവ് ദീര്‍ഘകാലമായി നടത്തിവരുന്ന വാര്‍ഷിക പാരമ്പര്യത്തിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. അനുഗൃഹീത മാസത്തില്‍ സ്പോണ്സര് ചെയ്ത കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിന് ഗ്രാന്റ് വേഗത്തില്‍ വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും രാജാവ് ആര്.എച്ച്.എഫിനോട് നിര്‍ദേശിച്ചു.
ആര്.എച്ച്.എഫിന്റെ തുടര്‍ച്ചയായ പിന്തുണയ്ക്കും സ്പോണ്സര് ചെയ്ത കുടുംബങ്ങള്‍ക്ക് നല്കിയ ഉദാരമായ പരിചരണത്തിനും രാജാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജാവിനോട് നന്ദി പറഞ്ഞു.


