
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറിന്റെ എല്ലാ വിമാനങ്ങളിലും 2026 മദ്ധ്യത്തോടെ സ്റ്റാര്‍ലിങ്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും.
വിമാനത്തില്‍ കയറുന്ന നിമിഷം മുതല്‍ എത്തിച്ചേരുന്നതുവരെ യാത്രക്കാര്‍ക്ക് സൗജന്യ വൈ-ഫൈ സേവനമുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. യാത്രാനുഭവത്തില്‍ പ്രകടമായ മാറ്റം വരുത്താനുള്ള ഒരു ഗുണപരമായ ചുവടുവെപ്പാണിത്.
ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്മാന് ഖാലിദ് ഹുസൈന് താഖിയുടെയും നിരവധി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വ്യോമയാന മേഖലയിലെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ അവാല്‍ പ്രൈവറ്റ് ടെര്‍മിനലില്‍വെച്ച് ഗള്‍ഫ് എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്ട്ടിന് ഗൗസും സ്റ്റാര്‍ലിങ്ക് ഏവിയേഷന്റെ ഗ്ലോബല്‍ ഹെഡ് നിക്ക് സീറ്റ്സും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.
സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത സ്റ്റാര്‍ലിങ്ക്, താഴ്ന്ന ഭൂമി ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ വളര്‍ന്നുവരുന്ന ശൃംഖലയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കുറഞ്ഞ ലേറ്റന്‍സിയോടെ അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുന്നു. ഈ സംവിധാനം സ്ഥിരതയുള്ള തത്സമയ കണക്റ്റിവിറ്റി നല്‍കും.


