
പി.ആർ. സുമേരൻ
കൊച്ചി: ‘പിതൃ ഹൃദയത്തോടെ ‘ എന്ന അപ്പസ്ത്തോലിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിന്റെ ചില പ്രത്യേക ഗുണങ്ങള്‍ രേഖപ്പെടുത്തിയതില്‍ നിന്നുള്ള ചൈതന്യം ഉള്‍ക്കൊണ്ട് ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ രചിച്ച നൊവേനയായ “കരുണയും കാവലും”.
ജനുവരി 23 ന് വൈക്കം സെയ്ന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടാനുബന്ധിച്ച് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കോടതി ജഡ്ജിയും വൈക്കം സെയ്ന്റ് ജോസഫ് ഫൊറോനാ പള്ളി വികാരിയുമായ ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കലച്ചൻ റിലീസ് ചെയ്തു.

ചടങ്ങിൽ “കരുണയും കാവലും” സംവിധാനം നിര്‍വഹിച്ച നടനും എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ്.കെ.മാത്യു, സഹ വികാരി ഫാദർ ജോസഫ് മേച്ചേരി, പള്ളി കൈക്കാരന്മാരായ ജോര്‍ജ് പൗലോസ് ആവള്ളില്‍, ഡെന്നി ജോസഫ് മംഗലശ്ശേരി, കുടുംബ യൂണിറ്റുകളുടെ വൈസ് ചെയര്മാന്: മാത്യു ജോസഫ് കൂടല്ലി, ക്ലാര്‍ക്ക് ചാക്കപ്പന് പുല്ലരുത്തില്‍, കപ്യാര് ബേബി തെക്കേമുട്ടുമന, ഗായകന്: ജോണി ഉണ്ണിത്തുരുത്തില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ. ജെ. മാത്യു കണിയാംപറമ്പിൽ എന്നിവർ പങ്കെടുത്തു.

2021ലാണ് എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത മാര്‍ ആന്റണി കരിയില്‍ ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കലച്ചൻ എഴുതിയ
പ്രാര്‍ത്ഥനകളും 2 ഗാനങ്ങളും പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയത്.
സഭാ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദമുള്ള ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ ദീര്‍ഘകാലം എറണാകുളം- അങ്കമാലി അതിരൂപതയുടെ ജുഡീഷ്യല്‍ വികാരിയായും (മെത്രാപ്പോലീത്തന്‍ കോടതിയുടെ ചീഫ് ജഡ്ജി) സേവനമനുഷ്ഠിച്ചിട്ടുണ്ട്
റിലീസ് ചടങ്ങിൽ ചിത്രീകരണത്തോട് സഹകരിച്ച ഇടവകയിലെ മുഴുവൻ ജനങ്ങളോട് ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ നന്ദി പറയുകയും കെ.ജെ. മാത്യുവിനെ ആദരിക്കുകയും ചെയ്തു. “ഞാൻ 1978-ൽ തിരുപ്പട്ടം സ്വീകരിച്ച് തൈക്കാട്ടുശ്ശേരി സെയ്ന്റ് ആന്റണീസ് ദേവാലയത്തിൽ സഹവികാരിയായി ചുമതലയേറ്റ കാലം മുതൽ കെ.ജെ. മാത്യുവുമായി ആരംഭിച്ച സൗഹൃദം ഇന്നുവരെ ഞങ്ങൾ അതേ ആത്മാർത്ഥതയോടെ കാത്തുസൂക്ഷിച്ചു വരികയാണ്.
ചെറുതും വലുതുമായ എല്ലാ സന്തോഷവും ദുഃഖവും പങ്കിടുന്നതിനായി അന്ന് മുതൽ ഞാൻ മാത്യു ചേട്ടന്റെ ഭവനത്തിലെത്തുകയും, ഞാൻ ഏതെല്ലാം ഇടവകകളിലേക്ക് സ്ഥലം മാറിയാലും മാത്യു ചേട്ടൻ അവിടെ സന്ദർശനം നടത്തുകയും ചെയ്യുന്ന ഈ ബന്ധം യഥാർത്ഥത്തിൽ അപൂർവ്വമായ ഒരു സൗഹൃദത്തിന്റെ സാക്ഷ്യമാണെന്നും”, ചടങ്ങിൽ കെ.ജെ. മാത്യുവിനെ ആദരിച്ചുകൊണ്ട് ഡോ. ബർക്കുമാൻസ് കൊടയ്ക്കലച്ചൻ കൂട്ടിച്ചേർത്തു.


