
മനാമ: 24ലധികം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 600ഓളം പ്രദര്‍ശകരുടെ വിശാലമായ അന്താരാഷ്ട്ര പങ്കാളിത്തത്തോടെ എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ നടക്കുന്ന 36ാമത് ശരത്കാല മേള 2026 ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി ഉദ്ഘാടനം ചെയ്തു. മേള 31 വരെ നീണ്ടുനില്‍ക്കും.
ബഹ്റൈന്‍ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് ശരത്കാല മേളയെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക, അന്തര്‍ദേശീയ പ്രദര്‍ശനങ്ങളിലും കണ്‍വെന്‍ഷനുകളിലും ടൂറിസം ഭൂപടത്തില്‍ രാജ്യത്തിന്റെ ഉറച്ച സ്ഥാനത്തെ അത് പ്രതിഫലിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
തുണിത്തരങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഭക്ഷ്യ ഉല്പന്നങ്ങള്, ഫാഷന്‍ വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, യന്ത്രസാമഗ്രികള്‍, കരകൗശല വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്.
വൈകുന്നേരം 6 മുതല്‍ 7 വരെ ‘ഡബ്ദൂബ്’, ‘ഡബ്ദൂബ’ എന്നീ കഥാപാത്രങ്ങളുടെ ദൈനംദിന പ്രകടനം, മാട്രിക്സ് സ്പോണ്സര് ചെയ്യുന്ന ഇലക്ട്രോണിക് ഗെയിമിംഗ് സോണ്‍, വിവിധ അന്താരാഷ്ട്ര ഭക്ഷണവിഭവങ്ങള്‍ ലഭിക്കുന്ന വിപുലമായ ഭക്ഷണ മേഖല, കുടുംബ വിനോദ പരിപാടികള്‍ എന്നിവയുമുണ്ട്.
എക്സിബിഷന് വേള്‍ഡ് ബഹ്റൈനിലെ 2, 3, 5, 6 ഹാളുകളിലായി എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രദര്‍ശനമുണ്ടാകും.
പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ www.theautumnfair.com എന്ന വെബ്സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.


