
മലപ്പുറം: മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ തിരുമൂര്‍ത്തി മലയില്‍ നിന്ന് തിരുനാവായയിലേക്ക് പൂജിച്ച ശ്രീചക്രവുമായി മഹാമേരു രഥയാത്ര എത്തി. വന്‍ സ്വീകരണം നല്‍കിയാണ് രഥത്തെ തിരുനാവായയിലേക്കു സ്വീകരിച്ചത്. പാലക്കാട് ജില്ലയിലെ വിവിധ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകീട്ടോടെ കുറ്റിപ്പുറത്തെത്തി. ഇവിടത്തെ സ്വീകരണത്തിനു ശേഷമാണ് തിരുനാവായയിലെത്തിയത്. മുത്തുക്കുടകളും താലപ്പൊലിയും വാദ്യഘോഷവുമായി നൂറുകണക്കിനു ഭക്തര്‍ ഘോഷയാത്രയായാണ് രഥത്തെ സ്വീകരിച്ചത്.
തിരുനാവായ നവാമുകുന്ദ ക്ഷേത്രപരിസരത്ത് ജുനാ അഘാഡയുടെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, താനൂര്‍ അമൃതാനന്ദമയി മഠാധിപതി അതുല്യാമ്യത പ്രാണ, ഗുരുവായൂര്‍ ഷിര്‍ദി സായി മന്ദിരത്തിലെ മൗനയോഗി സ്വാമി ഹരിനാരായണന് എന്നിവര്‍ ചേര്‍ന്നാണ് രഥത്തെ സ്വീകരിച്ചത്. സ്വാഗതസംഘം വര്‍ക്കിങ് ചെയര്മാന് കെ ദാമോദരന്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ കേശവദാസ് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിലെത്തിയ ശ്രീചക്രത്തെ ശബരിമല മുന്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി ആരതിയുഴിഞ്ഞ് പൂജിച്ചു. ഇവിടെ നിന്ന് നദിയില്‍ ഒരുക്കിയ യജ്ഞശാലയിലെത്തിച്ച് ശ്രീചക്രം പ്രതിഷ്ഠിച്ചു.
താല്‍ക്കാലിക പാലത്തിലൂടെ ഭക്തര്‍ യജ്ഞശാലയിലെത്തി. ഇവിടെ പൂജകളിലും നിളാ ആരതിയിലും പങ്കെടുത്താണ് മടങ്ങിയത്. ഭാരതപ്പുഴയൊഴുകുന്ന ദേശങ്ങളിലൂടെയാണ് രഥയാത്ര തിരുനാവായയിലെത്തിയത്. പാലക്കാട് പ്രവേശിച്ചതു മുതല്‍ ഒട്ടേറെ സ്ഥലങ്ങളില്‍ സ്വീകരണങ്ങളുണ്ടായിരുന്നു. രഥത്തില്‍ കെടാവിളക്ക് സ്ഥാപിച്ചിരുന്നു. വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ഭക്തരെത്തിച്ച ദീപങ്ങള്‍ കെടാവിളക്കില്‍ ലയിപ്പിച്ചു. ദീപങ്ങളെത്തിച്ച ഭക്തസംഘങ്ങള്‍ക്ക് സംഘാടക സമിതി ആല്‍വൃക്ഷത്തൈകള്‍ നല്കി.


