
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരും തന്ത്രിയും ഉദ്യോഗസ്ഥരും ജയിലിലായ പശ്ചാത്തലത്തില്‍ 2014ല്‍ നടന്ന ശബരിമല ദേവപ്രശ്നം ചര്‍ച്ചയാകുന്നു. ക്ഷേത്രം നടത്തിപ്പുകാര്‍ക്ക് കേസും ജയില്‍വാസവും അനുഭവിക്കേണ്ടി വരുമെന്നാണ് അന്ന് ദേവപ്രശ്നത്തില്‍ പ്രവചിച്ചത്. അന്ന് ക്ഷേത്രവുമായി അടുത്ത് പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഇന്ന് സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായി ജയിലില്‍ കഴിയുന്നത്.
2014 ജൂണ്‍ 18നാണ് പ്രശസ്ത ജ്യോതിഷികളായ ചെറുവള്ളി നാരായണന് നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, തൃക്കുന്നപ്പുഴ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേവപ്രശ്നം നടന്നത്. 2017ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി പണിയുന്നതിനും പതിനെട്ടാം പടിയുടെ സ്ഥാനമോ അളവോ മാറ്റാതെ ഭക്തര്‍ക്ക് പിടിച്ചുകയറാന്‍ കൈവരികള്‍ നിര്‍മ്മിക്കുന്നതിനും അനുവാദം നല്കിയതും ഈ ദേവപ്രശ്നത്തിലൂടെയായിരുന്നു. അതോടൊപ്പം തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും അന്ന് നല്‍കിയിരുന്നു.
ഹിന്ദു വിശ്വാസമനുസരിച്ച് ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് അഹിതമായ കാര്യങ്ങള്‍ അവിടെ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും ക്ഷേത്രത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളില്‍ ദേവഹിതം അറിയുന്നതിനുമാണ് ദേവപ്രശ്നം നടത്താറുള്ളത്.
ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ വളരെ ശ്രദ്ധിക്കണമെന്നും അപായം, വ്യവഹാരം, മാനക്കേട്, ജയില്‍വാസം മുതലായവയ്ക്ക് സാധ്യതയുണ്ടെന്നും ആയിരുന്നു അന്നത്തെ മുന്നറിയിപ്പ്. കൊടിമരം മാറ്റാന്‍ നിര്‍ദേശം നല്‍കിയത് ഈ ദേവപ്രശ്നത്തിലാണ്. ദേവനും ദേവനുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഭക്തര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും സര്‍വത്രദോഷവും ശാസ്താവിന്റെയും ഭഗവതിയുടെയും കോപവും ഉള്ളതായി ദേവപ്രശ്നത്തില്‍ കണ്ടെത്തിയിരുന്നു. പുരോഹിതരും ദേവസ്വം ജീവനക്കാരുമടക്കം ദേവനോട് അടുത്തുനില്ക്കുന്ന എല്ലാവര്ക്കും 2014 നവംബര്‍ ഏഴ് മുതല്‍ രണ്ടരവര്‍ഷം ആപത്ത് കാലമാണെന്നും ധര്‍മ്മത്തെ നിന്ദിക്കുന്നവരില്‍ നിന്ന് ആപത്ത് ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും പ്രശ്നത്തില്‍ തെളിഞ്ഞിരുന്നു. ശബരിമല ഉത്സവത്തിനിടെ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണതും സ്വര്‍ണക്കൊടിമരത്തില്‍ പെയിന്റടിച്ചതുമാണ് ദേവപ്രശ്നത്തിന് ഇടയാക്കിയത്.
പന്തളം, തിരുവിതാംകൂര്‍ രാജകുടുംബങ്ങള്‍ക്ക് ദോഷമുണ്ടെന്നും ദേവപ്രശ്നത്തില്‍ കണ്ടു. മൃത്യുഞ്ജയഹോമവും കൂട്ടപ്രാര്‍ഥനയുമാണ് പരിഹാരമായി നിര്‍ദേശിച്ചത്. സോപാനം, ബലിക്കല്ല്, ഭിത്തി തുടങ്ങിയ ഭാഗങ്ങളില്‍ ലോഹത്തകിട് കൊണ്ട് പൊതിയാന്‍ ശാസ്ത്ര നിയമമില്ലെന്നും ദേവപ്രശ്നത്തില്‍ വ്യക്തമാക്കിയിരുന്നു.


