സാങ്കേതിക മേഖലയിൽ കൂടുതൽ ശക്തരാകാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് കനത്ത പ്രഹരവുമായി അമേരിക്ക. ചൈനയിലെ വൻകിട ചിപ്പ് നിർമ്മാണ കമ്പനിയായ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് ഇന്റർനാഷണൽ കോർപിന് നിർമ്മാണ സാമഗ്രികൾ കയറ്റുമതി ചെയ്യുന്നതിന് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ നിർണ്ണായക സാങ്കേതിക വിദ്യകളിൽ സ്വയം പര്യാപ്തത നേടാനുള്ള ചൈനയുടെ നീക്കത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
അസ്വീകാര്യമായ അപകടസാദ്ധ്യത ചൂണ്ടിക്കാട്ടിയാണ് അമേരിക്ക കയറ്റുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാണ കമ്പനിയായ എസ്എംഐസിയ്ക്ക് സാമഗ്രികൾ കയറ്റുമതി ചെയ്യുന്നതിനായി അമേരിക്കൻ വ്യാപാരികൾക്ക് ലൈസൻസ് നിർബന്ധമായിരുന്നു. ഇതിനാണ് അമേരിക്ക മാറ്റം കൊണ്ടുവന്നിരിയ്ക്കുന്നത്. ഇനി മുതൽ കമ്പനിയ്ക്കായി സാമഗ്രികൾ കയറ്റുമതി ചെയ്യാൻ ലൈസൻസ് നിർബന്ധമാണെന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്കൻ വാണിജ്യ വിഭാഗം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
സാമഗ്രികൾ ചൈന സൈനിക ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഇതിന്റെ പശ്ചാത്തലത്തിലാണ് അസ്വീകാര്യമായ അപകട സാദ്ധ്യത ചൂണ്ടിക്കാട്ടി അമേരിക്ക നടപടി സ്വീകരിച്ചത്. നേരത്തെ ചൈനീസ് ടെലികോം കമ്പനിയായ വാവേയ്ക്കെതിരെ അമേരിക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ ആഘാതത്തിൽ നിന്നും ചൈന മോചിതരാകുന്നതിനിടെയാണ് അമേരിക്കയുടെ നിർണ്ണായക നീക്കം.