
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്ധന് എന്നിവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റിസ് എ ബദറൂദ്ദീന്റെ ബെഞ്ച് തള്ളിയത്.
രണ്ട് കേസുകളിലായാണ് മൂവരും ജാമ്യാപേക്ഷ നല്‍കിയത്. കേസിന്റെ വിധിപകര്‍പ്പ് പുറത്തുവന്നിട്ടില്ല. കേസില്‍ ഇതുവരെ ഒരുപ്രതിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടില്ല. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും എതിര്‍ത്തു. പ്രതികള്‍ക്കെതിരെ ഗൗരവമായ തെളിവുകളുണ്ടെന്നും അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ പത്മകുമാറിനെ നവംബര്‍ 20 നാണ് എസ് ഐ ടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് കൈമാറിയതില്‍ പത്മകുമാര്‍ അടങ്ങുന്ന ബോര്‍ഡിനും വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്.


