
കണ്ണൂര്‍: തൃശ്ശൂരില്‍ നടന്ന 64-ാമത് കേരള സ്കൂള്‍ കലോത്സവത്തില്‍ കലാകിരീടം സ്വന്തമാക്കിയ കണ്ണൂര്‍ ടീമിന് ജില്ലയിലാകെ ഗംഭീര സ്വീകരണം. കണ്ണൂര്‍ നഗരത്തില്‍ പുരാവസ്തു പുരാരേഖ മ്യൂസിയം രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, കെ വി സുമേഷ് എംഎല് എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കണ്ണൂരിന്റെ അഭിമാനകരമായ ഭൂതകാല ചരിത്രവും സാംസ്കാരിക സാമൂഹിക വൈജ്ഞാനിക പ്രബുദ്ധതയും വിളംബരം ചെയ്തുകൊണ്ടാണ് കണ്ണൂര്‍ സ്വര്‍ണകിരീടം കരസ്ഥമാക്കിയതെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും സമര്‍പ്പണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.
രാവിലെ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി ശബ്ന, സ്ഥിരംസമിതി അധ്യക്ഷന്മാരായ
എ പ്രദീപന്, പി രവീന്ദ്രന്, ബോബി എണ്ണച്ചേരി, അംഗങ്ങളായ കെ അനുശ്രീ, പി പ്രസന്ന, സി.കെ മുഹമ്മദലി, പി വി ജയശ്രീ, ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് അര്ജുന് പവിത്രന്, വൈസ് പ്രസിഡന്റ് എം കെ സെയ്ത്തു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി ഷൈനി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ശകുന്തള, എസ് എസ് കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ സി സുധീര്‍, കലോത്സവം ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ കെ പ്രകാശന്, പാനൂര്‍ എ ഇ ഒ ബൈജു കേളോത്ത്, ചൊക്ലി എ ഇ ഒ ബാബുരാജ്, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജയദേവന്, ന്യൂമാഹി എം എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ പി റീത്ത എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് തലശ്ശേരി, ധര്‍മ്മടം പോസ്റ്റ് ഓഫീസിന് സമീപം, മുഴപ്പിലങ്ങാട്, എടക്കാട്, തോട്ടട ടൗണ്‍, താഴെ ചൊവ്വ, മേലെ ചൊവ്വ, കാള്‍ടെക്സ് എന്നിവിടങ്ങളില്‍ സ്വീകരണം നല്കി.


