
ചെന്നൈ: കേന്ദ്ര സര്‍ക്കാരും തമിഴ്നാടും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കം സാഹിത്യ മേഖലയിലേക്കും. സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ റദ്ദാക്കിയ കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സ്വന്തമായി ദേശീയ തലത്തിലുള്ള സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘സെമ്മൊഴി സാഹിത്യ പുരസ്കാരം’ എന്ന പേരിലാണ് പരസ്കാരം അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വ്യക്തമാക്കി.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര പ്രഖ്യാപനം തടഞ്ഞ സാംസ്കാരിക മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തമിഴ്നാടിന്റെ നീക്കം. മലയാളം ഉള്‍പ്പെടെ ഏഴ് പ്രധാന ഇന്ത്യന്‍ ഭാഷകളിലും തമിഴിലും മികച്ച സാഹിത്യ സൃഷ്ടികള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പുരസ്കാരം നല്‍കുമെന്നാണ് സ്റ്റാലിന്റെ പ്രഖ്യാപനം. കലയെയും രാഷ്ട്രീയവല്‍ക്കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സ്റ്റാലിന് വ്യക്തമാക്കി. സെമ്മൊഴി സാഹിത്യ പുരസ്കാരം എന്ന് പേരിട്ടിരിക്കുന്ന അവാര്‍ഡിന് അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനമായി ലഭിക്കുക.
ഡിസംബര്‍ 18-ന് ഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം സാംസ്കാരിക മന്ത്രാലയം ഇടപെട്ട് തടയുകയായിരുന്നു. അക്കാദമി എക്സിക്യൂട്ടീവ് യോഗം അംഗീകരിച്ച പട്ടിക പുറത്തുവിടുന്നതിനാണ് കേന്ദ്രം തടയിട്ടത്. ആദ്യമായാണ് ഒരു സ്വയംഭരണ സ്ഥാപനമായ സാഹിത്യ അക്കാദമിയുടെ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ നേരിട്ട് ഇടപെടുന്നത്. സമിതി തിരഞ്ഞെടുത്ത എഴുത്തുകാര്‍ക്ക് അവാര്‍ഡ് നല്‍കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കാത്ത സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഈ നിര്‍ണ്ണായക നീക്കം. മലയാളം, തമിഴ്, മറാത്തി, ഒഡിയ, തെലുങ്ക്, കന്നഡ, ബംഗാളി എന്നീ എട്ട് ഭാഷകളിലെ മികച്ച സൃഷ്ടികള്‍ക്കാണ് പുരസ്കാരം നല്‍കുക. 5 ലക്ഷം രൂപയും പ്രത്യേക ഫലകവും അടങ്ങുന്നതാകും പുരസ്കാരം.


