
കണ്ണൂര്‍: 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ കണ്ണൂര്‍ ജില്ലയ്ക്ക് വിജയം ആഘോഷിക്കാന്‍ ഇന്ന് അവധിയില്ല. പകരം സ്വര്‍ണകപ്പ് ഉയര്‍ത്തിയ പ്രതിഭകള്‍ക്ക് വന്‍ സ്വീകരണം ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഉച്ചയ്ക്ക് ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് തലശേരി, ധര്‍മടം, മുഴുപ്പിലങ്ങാട്, എടക്കാട്, ചാല, താഴെ ചൊവ്വ, മേലെ ചൊവ്വ വഴി കാള്ടെക്സിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിക്കും വൈകിട്ട് നാലിനു ടൗണ്‍ സ്ക്വയറില്‍ സ്വീകരണപരിപാടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.
അതേസമയം ജില്ലയുടെ നേട്ടത്തില്‍ അവധിയുണ്ടോയെന്ന് ചോദിച്ച് നിരവധി പേര് ജില്ല കലക്ടറുടെ സാമൂഹിക മാധ്യമ പേജില്‍ അന്വേഷണം നടത്തി. എന്നാല്‍ പ്രതീക്ഷിച്ച മറുപടി ലഭിക്കാത്തതില്‍ നിരാശരായവര്‍ ‘അഭിനന്ദനം മാത്രമേ ഉള്ളൂ? അവധി ഇല്ലല്ലേ’ എന്ന് കലക്ടറുടെ കലോത്സവ വിജയികള്‍ക്കുള്ള അഭിനന്ദന കുറിപ്പിനു താഴെ കുറിച്ചു. ‘കലയുടെ കനകമുദ്ര ചൂടി കണ്ണൂര്‍! വിദ്യയും കലയും കായികമികവും ഒന്നുചേരുന്ന വിജയപഥങ്ങളിലൂടെ നമ്മുടെ മക്കള്‍ ഉന്നതങ്ങളില്‍ നിന്ന് ഉന്നതങ്ങളിലേക്ക് പറന്നുയരട്ടെ. കൊച്ചു കൂട്ടുകാര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍’- എന്നായിരുന്നു കലക്ടറുടെ കുറിപ്പ്.
1023 പോയിന്റ് നേടിയാണ് കണ്ണൂര്‍ കലാകിരീടം സ്വന്തമാക്കിയത്. ഏഴ് ഇനങ്ങളിലൊഴികെ ബാക്കി എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിയാണു കണ്ണൂരിന്റെ ജൈത്രയാത്ര. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 5 പോയിന്റിനാണ് ആതിഥേയരായ തൃശൂരിന് സ്വര്‍ണക്കപ്പ് നഷ്ടമായത്. 1018 പോയിന്റോടെ തൃശൂരാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് എത്തിയ കോഴിക്കോട് 1016 പോയിന്റ് സ്വന്തമാക്കി.


