
കൊച്ചി: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. എത്രയും പെട്ടെന്ന് ആ സ്ഥാനം ഒഴിയുന്നുവോ അത്രയും നല്ലതെന്നും ആരെങ്കിലും പറയുന്നത് വരെ കാത്തു നില്‍ക്കാതെ രാജിവെയ്ക്കുന്നതാണ് നല്ലതെന്നും സുധീരന് പറഞ്ഞു.
ലൈംഗിക കുറ്റകൃത്യം ഒരിക്കലും ഭൂഷണമല്ല. കേരള സമൂഹത്തിനും നിയമസഭയ്ക്കും അപമാനമാണ്. രാജി നിയമവശങ്ങള്‍ പരിശോധിച്ച് നടപടി എടുക്കട്ടെ. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഇന്നലെയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നല്കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലായിരുന്നു അറസ്റ്റ്.
കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇക്കാര്യം വ്യക്തമാക്കി കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പുകള്‍ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടത്.


