
മനാമ: വിദേശത്തുള്ള ബഹ്റൈന്‍ പൗരര്‍ക്ക് ദേശീയ ഇ-ഗവണ്മെന്റ് പോര്‍ട്ടലായ Bahrain.bh വഴി ബഹ്റൈന്റെ എംബസികളിലൂടെയും കോണ്‍സുലേറ്റുകളിലൂടെയും പാസ്പോര്ട്ടുകള് മാറ്റിക്കൊടുക്കുന്ന പുതിയ ഇലക്ട്രോണിക് സേവനം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിനു പുറത്തുള്ള പൗരര്‍ക്ക് പാസ്പോര്‍ട്ട് മാറ്റിക്കിട്ടാന്‍ അപേക്ഷകള്‍ ഇലക്ട്രോണിക് രീതിയില്‍ സമര്‍പ്പിക്കാന്‍ ഈ സേവനം വഴി സാധിക്കുമെന്ന് ദേശീയത, പാസ്പോര്‍ട്ട്, താമസകാര്യങ്ങള്‍ക്കായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന് അല്‍ ഖലീഫ പറഞ്ഞു. പഴയ പാസ്പോര്‍ട്ട് റദ്ദാക്കുന്നതിനായി അയയ്ക്കാതെ തന്നെ, ബഹ്റൈന്‍ എംബസിയിലോ വിദേശത്തുള്ള കോണ്‍സുലേറ്റിലോ പുതിയ പാസ്പോര്‍ട്ട് നല്‍കുകയും പഴയത് റദ്ദാക്കുകയും ചെയ്യും. അതുവഴി നടപടിക്രമങ്ങള്‍ ലളിതമാക്കുകയും സമയം, പരിശ്രമം, ചെലവ് എന്നിവ കുറയ്ക്കുകയും ചെയ്യും.
ഈ സേവനം വിദേശത്തുള്ള പൗരര്‍ക്ക് മാത്രമായിരിക്കും. രാജ്യത്തിനുള്ളിലെ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലാതെ തന്നെ നയതന്ത്ര ഓഫീസുകള്‍ വഴിയാണ് അപേക്ഷകളില്‍ നേരിട്ട് നടപടികള്‍ സ്വീകരിക്കുന്നത്.
ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലീകരിക്കാനും ഇടപാട് നടപടികളില്‍ കാര്യക്ഷമതയും വഴക്കവും വര്‍ധിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സേവനം. പാസ്പോര്‍ട്ട് മാറ്റിക്കൊടുക്കുന്ന നടപടിക്രമങ്ങള്‍ പരമാവധി ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.


