
മനാമ: ബഹ്റൈനിലെ മേജര്‍ കൊമേഴ്സ്യല്‍ കോടതികളിലും കോര്‍ട്ട് ഓഫ് സമ്മറി മാറ്റേഴ്സിലും റിമോട്ട് വ്യവഹാര സേവനം ആരംഭിക്കുമെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ, വഖഫ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദ അറിയിച്ചു.
2026ന്റെ തുടക്കത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പുതിയ കേസുകളിലാണ് ഈ സേവനം ആരംഭിക്കുന്നത്. സുപ്രീം കൗണ്‍സില്‍ ഓഫ് ജുഡീഷ്യറിയുമായും ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയുമായും (ഐ.ജി.എ) ഏകോപിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നത്.
നിയമപരമായ എല്ലാ ഉറപ്പുകളും പൂര്‍ണമായി പാലിച്ചുകൊണ്ട്, വ്യവഹാരത്തിനുള്ള അവകാശവും ന്യായമായ വിചാരണയും ഉറപ്പാക്കിക്കൊണ്ട്, നേരിട്ട് ഹാജരാകാനുള്ള സാധ്യത നിലനിര്‍ത്തിക്കൊണ്ട് കക്ഷികള്‍ക്ക് ഓപ്ഷണല്‍ അടിസ്ഥാനത്തില്‍ വിദൂരമായി വ്യവഹാരങ്ങളില്‍ പങ്കെടുക്കാന്‍ ഇതിവഴി സാധിക്കും.
സേവനത്തില്‍നിന്ന് പ്രയോജനം നേടാനുള്ള സംവിധാനത്തെക്കുറിച്ച് കേസ് ഫയല്‍ ചെയ്യുന്ന കക്ഷി ബഹ്റൈന്‍ രാജ്യത്തിന്റെ ദേശീയ പോര്‍ട്ടലില്‍ ലഭ്യമായ ‘ഫയല്‍ എ കേസ്’ സേവനത്തിലൂടെ കേസ് സമര്‍പ്പിക്കുമ്പോള്‍ സെഷനുകളില്‍ പങ്കെടുക്കുന്ന രീതി (വിദൂരമായി അല്ലെങ്കില്‍ നേരിട്ടോ) തിരഞ്ഞെടുക്കണം.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (moj.gov.bh) ലഭ്യമായ റിമോട്ട് വ്യവഹാര സേവനം വഴിയായിരിക്കും റിമോട്ട് സെഷനുകളിലേക്കുള്ള പ്രവേശനമെന്നും കേസിലെ മറ്റു കക്ഷികള്‍ക്കും ഇതേ സേവനത്തിലൂടെ റിമോട്ട് സെഷനുകളില്‍ പങ്കെടുക്കാമെന്നും മന്ത്രി പറഞ്ഞു.


