
കോഴിക്കോട്: പുതുവർഷത്തെ സംസ്ഥാനത്തെ ആദ്യ അവയവദാനം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച വയനാട് ചുങ്കത്തറ കോട്ടനാട് നെല്ലിക്കുന്നേൽ വീട്ടിൽ എൻജെ വിപിൻ ആറ് പേർക്ക് പുതുജീവൻ നൽകും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന 32കാരനിലാണ് വിപിൻ്റെ ഹൃദയം മിടിക്കുക. ഹൃദയം, കരൾ, രണ്ട് വൃക്കകള്‍, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ബിസിനസും കൃഷിയും നടത്തി വരികയായിരുന്ന വിപിനെ ഡിസംബർ 30-നാണ് സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.


