
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇടത്തരികത്ത് കാവ് ഭഗവതിയുടെ താലപ്പൊലി നടക്കുന്നതിനാല്‍ നാളെ (തിങ്കളാഴ്ച) രാവിലെ 11.30 ന് ക്ഷേത്രനട അടയ്ക്കും. ഉച്ചയ്ക്ക് പുറത്തേയ്ക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്. താലപ്പൊലി സംഘം വക താലപ്പൊലിയാണ് തിങ്കളാഴ്ച നടക്കുക. ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ചയാണ്.
നാളെ പകല്‍ 11.30ന് ശേഷം ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂണ്, തുലാഭാരം ,മറ്റുവഴിപാടുകള്‍ എന്നിവയും പകല്‍ 11.30 നു ശേഷം നടത്താന്‍ കഴിയില്ല. ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് ശേഷം വൈകീട്ട് 4.30 ന് ദര്‍ശന സൗകര്യം തുടരുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
രാവിലെ 11.30 നു നട അടച്ചാല്‍ ഭഗവതിയുടെ പുറപ്പാട് ചടങ്ങുകള്‍ തുടങ്ങും. ഉച്ചയ്ക്ക് 12ന് സര്‍വ്വാഭരണ വിഭൂഷയായി ഭഗവതി കാവിറങ്ങും. പിന്നെ ഭക്തര്‍ക്കിടയിലാണ് ഭഗവതി. മൂന്നരയോടെ പറകള്‍ ഏറ്റുവാങ്ങി ഭഗവതി മഞ്ഞളില്‍ ആറാടും. ഭക്തിസാന്ദ്രമാര്‍ന്ന നിമിഷങ്ങള്‍ക്കാകും പിന്നീട് സാക്ഷിയാകുകയെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഇടത്തരികത്ത് കാവ് ഭഗവതി
ഗുരുവായൂര്‍ ക്ഷേത്ര തട്ടകം കാത്തു പരിപാലിക്കുന്ന ഗ്രാമദേവതയാണ് ഇടത്തരികത്ത് കാവ് ഭഗവതി. ഗുരുവായൂരപ്പന്റെ ഇടത് വശം അരികിലായി ഇരിക്കുന്നതിനാലാണ് ഇടത്തരികത്ത് കാവ് ഭഗവതി എന്ന് വിളിക്കുന്നത്. ഗുരുവായൂരപ്പന് അധിവസിക്കുവാന്‍ ഇടം നല്കി ഭഗവതി ഇടത്തേ അരികത്തേക്കും മഹാദേവന് മമ്മിയൂരേക്കും മാറിക്കൊടുത്തു എന്നാണ് ഐതിഹ്യം. ശാന്ത ഭാവമുള്ള ഭദ്രകാളിയായി മേല്‍ക്കൂരയില്ലാത്ത ശ്രീകോവിലില്‍ വൃക്ഷച്ചുവട്ടില്‍ കാവെന്ന സങ്കല്പത്തിലാണ് ഭഗവതി ഇവിടെ ഇരിക്കുന്നത്.


