
ദുബൈ: ദുബൈയിൽ ഇ-സ്കൂട്ടർ റൈഡിങ് പെർമിറ്റ് നേടാൻ ഇനി വളരെയെളുപ്പം. ആർടിഎ ദുബൈ, ദുബൈ നൗ ആപ്പുകളിൽ നിന്നും പെർമിറ്റ് ലഭിക്കാനുള്ള സൗകര്യം ഒരുക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മുൻപ് ഇ-സ്കൂട്ടർ റൈഡിങ് പെർമിറ്റിന് വേണ്ടി ആർ ടി എ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുകയും സേവന കേന്ദ്രങ്ങൾ സന്ദർശിക്കുകയും വേണമായിരുന്നു.
ഇ-സ്കൂട്ടർ റൈഡിങ് പെർമിറ്റ് ലഭിക്കാനായി ആദ്യം ആർടിഎ വെബ്സൈറ്റ്,ആർടിഎ ദുബൈ, ദുബൈ നൗ ആപ്ലിക്കേഷനുകളിൽ ഒരു അക്കൗണ്ട് ക്രീയേറ്റ് ചെയ്യുക. അതിന് ശേഷം ‘ഇ-സ്കൂട്ടർ റൈഡിങ് പെർമിറ്റ്’ എന്ന സേവനം തിരഞ്ഞെടുക്കുക.
ട്രാഫിക് സുരക്ഷാ നിയമം, ഇ-സ്കൂട്ടർ സുരക്ഷിത ഉപയോഗം എന്നിവയെ കുറിച്ചുള്ള പരിശീലനം പൂർത്തിയാക്കണം. തുടർന്ന് ഇലക്ട്രോണിക് റൈഡിങ് ടെസ്റ്റ് പാസാകുക. വിജയകരമായി ടെസ്റ്റ് പൂർത്തിയാക്കിയാൽ ഇ – മെയിൽ, ടെക്സ്റ്റ് സന്ദേശം വഴി ഡിജിറ്റൽ പെർമിറ്റ് ലഭിക്കും.
17 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് മാത്രമേ ലൈസൻസ് നേടാൻ അർഹതയുള്ളൂ. ഡൗൺടൗൺ ദുബൈ, ജുമൈറ, പാം ജുമൈറ എന്നിവിടങ്ങളിലും പ്രത്യേക ഇ-സ്കൂട്ടർ ട്രാക്കുകളിലൂടെ മാത്രമേ സഞ്ചരിക്കാൻ പാടുള്ളു. സൈഹ് അൽ സലാം, അൽ ഖുദ്ര, അൽ മെയ്താൻ എന്നി പ്രദേശങ്ങളിൽ ഇ-സ്കൂട്ടറിന് അനുമതിയില്ല.
പെർമിറ്റ് ഇല്ലാതെ ഇ-സ്കൂട്ടറുകൾ ഓടിക്കുക, അനുമതി ഇല്ലത്ത പ്രദേശങ്ങളിൽ വാഹനമോടിക്കുക, ഹെൽമെറ്റ് പോലെയുള്ള സുരക്ഷാ ഉപകാരങ്ങൾ ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.


