
മനാമ: യു.എന്‍ രക്ഷാസമിതിയില്‍ 2026- 2027 കാലയളവിലേക്കുള്ള സ്ഥിരമല്ലാത്ത അംഗത്വം ബഹ്റൈന്‍ ഔദ്യോഗികമായ ഏറ്റെടുത്തതായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി അറിയിച്ചു.
സമാധാനം, സഹവര്‍ത്തിത്വം, ഐക്യദാര്‍ഢ്യം, സമൃദ്ധിയുടെ പങ്കിടല്‍ എന്നിവയോട് രാജ്യത്തിനുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ചരിത്രപരമായ ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ സ്വീകരിക്കുന്ന നയതന്ത്രപരവും മാനുഷികവുമായ സമീപനത്തെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ഇതു സംബന്ധിച്ച നിര്‍ദേശങ്ങളെയും ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നു. പലസ്തീന് ലക്ഷ്യത്തെ പിന്തുണയ്ക്കല്, ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കല്‍, ഭീകരതയെയും അക്രമാസക്ത തീവ്രവാദത്തെയും ചെറുക്കല്‍, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, സൈബര്‍ സുരക്ഷ സുസ്ഥിര വികസനം തുടങ്ങിയവയായിരിക്കും സമിതിക്കു മുന്നില്‍ ബഹ്റൈന്റെ പ്രധാന പരിഗണനാ വിഷയങ്ങളെന്നും അദ്ദേഹം പറഞ്ഞു.


