
മനാമ: ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) ബു മാഹിര്‍ സീഷോര്‍ മുതല്‍ പേള്‍ മ്യൂസിയം – സിയാദി മജ്ലിസ് വരെ നീളുന്ന പേളിംഗ് പാതയില്‍ സംഘടിപ്പിച്ച മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് സമാപിച്ചു.
560ലധികം പരിപാടികളും 800ലധികം വൈവിധ്യമാര്‍ന്ന സംഗീത പ്രകടനങ്ങളും ഈ ഉത്സവത്തില്‍ അരങ്ങേറി. രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള സന്ദര്‍ശകരുടെ വിശാലമായ പങ്കാളിത്തമുണ്ടായി. കലാപ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, ടൂറുകള്‍, ശില്പശാലകള് എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ സാംസ്കാരിക പരിപാടിയായിരുന്നു ഇത്.
മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിനു പിന്നിലെ ശ്രമങ്ങള്‍ക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നല്കിയ പിന്തുണയ്ക്ക് ബി.എ.സി.എ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ നന്ദി പറഞ്ഞു.
രാജ്യത്തിന്റെ പൈതൃകവും മുഹറഖിന്റെ സമ്പന്നമായ ചരിത്രവും പ്രതിഫലിപ്പിക്കുന്നതിനിടയില് തലമുറകളെ അവരുടെ സജീവമായ പൈതൃകവും നിലനില്‍ക്കുന്ന മൂല്യങ്ങളുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനൊപ്പം സ്വത്വത്തില്‍ വേരൂന്നിയതും സമൂഹവുമായി അടുത്ത ബന്ധമുള്ളതുമായ ഒരു ഊര്‍ജസ്വലമായ ദേശീയ വേദിയായി ഉത്സവത്തെ കൂടുതല്‍ മാറ്റാനായെന്നും അദ്ദേഹം പറഞ്ഞു.


