
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ദില്ലി യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും.
ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റി നൽകുന്ന മൊഴിയും കേസിൽ അതീവ നിർണായകമാണ്. നേരത്തെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം, അതിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ പോറ്റിയിൽ നിന്നും സ്ഥിരീകരണം തേടും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് മുൻ മന്ത്രിയുടെയും മുതിർന്ന കോൺഗ്രസ് നേതാവിന്റെയും മൊഴികൾ എടുക്കുന്നത്. സ്വർണ്ണപ്പാളികൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ഉന്നതതലത്തിലുള്ള ബന്ധങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.


