
മനാമ: ബഹ്റൈന്‍ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) ജനറല്‍ കമാന്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ചു.
ബി.ഡി.എഫിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ അദ്ദേഹത്തെ സ്വീകരിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ സന്നിഹിതരായിരുന്നു.
മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍, ബി.ഡി.എഫിന്റെ പുരോഗതിയിലും വികസനത്തിലും നടത്തിയ ശ്രമങ്ങള്‍ക്ക് അദ്ദേഹം കമാന്‍ഡര്‍-ഇന്‍-ചീഫിന് നന്ദി അറിയിച്ചു.
രാജ്യത്തിന്റെ ദേശീയ ആഘോഷങ്ങള്‍, രാജാവിന്റെ സിംഹാസനാരോഹണത്തിന്റെ 26ാം വാര്‍ഷികം, അനുസ്മരണ ദിനം എന്നിവയില്‍ ബി.ഡി.എഫിലെയും നാഷണല്‍ ഗാര്‍ഡിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും എല്ലാ അംഗങ്ങളും നടത്തിയ സേവനങ്ങള്‍ക്ക് രാജാവ് നന്ദി പറഞ്ഞു.
ദേശീയ ഐക്യം കാത്തുസൂക്ഷിക്കാനും രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളെയും സംരക്ഷിക്കാനുമുള്ള അവരുടെ നിരന്തര സമര്‍പ്പണത്തെ രാജാവ് പ്രശംസിച്ചു.


