
മനാമ: വിപണി സ്ഥിരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈന്‍ വ്യവസായ മന്ത്രാലയം വിലകള്‍ നിരീക്ഷിക്കുന്നു.
കൃത്രിമത്വം അല്ലെങ്കില്‍ അന്യായമായ വിലവര്‍ധനവ് പോലുള്ള നിയമലംഘനങ്ങള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബഹ്റൈനിലെ വിപണികളിലും പ്രദേശങ്ങളിലുമുള്ള സന്ദര്‍ശനങ്ങളിലൂടെയും വിപുലമായ പരിശോധനകളിലൂടെയും നിരീക്ഷണ ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.
രാജ്യത്തുടനീളമുള്ള എല്ലാ വാണിജ്യ മേഖലകളിലും റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും പരിശോധന നടക്കും. നിയമലംഘകര്‍ക്കെതിരെ സാമ്പത്തിക പിഴകള്‍, അടച്ചുപൂട്ടലുകള്‍, ഭരണപരമായ രജിസ്ട്രേഷന് റദ്ദാക്കല്‍, പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറല്‍ എന്നിവ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും.
വാണിജ്യ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്നും നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാന്‍ അന്യായമായി വില ഉയര്‍ത്തുന്നതിനോ ഏതെങ്കിലും ലംഘനങ്ങള്‍ നടത്തുന്നതിനോ ഒരു മറയായി സര്‍ക്കാര്‍ സംരംഭങ്ങളോ ക്രമീകരണങ്ങളോ ദുരുപയോഗം ചെയ്യരുതെന്നും മന്ത്രാലയം കട ഉടമകളോടും വാണിജ്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.


