
മനാമ: പ്രൊഫഷണല്‍ അല്ലാത്ത കളിക്കാരെ കേന്ദ്രീകരിച്ചുള്ള നൂതന ക്രിക്കറ്റ് പ്ലാറ്റ്ഫോമായ സ്ട്രീറ്റ് ക്രിക്കറ്റ് ലീഗ് (എസ്.സി.എല്‍) ബഹ്റൈനിലെ വിന്‍ഡാം ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ഗാല ഡിന്നറില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഈ സംരംഭത്തിന്റെ ഭാഗമായ കായിക, നിക്ഷേപ മേഖലകളില്‍നിന്നുള്ള പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. അന്താരാഷ്ട്രതലത്തില്‍ മാനദണ്ഡമാക്കിയ ടൂര്‍ണമെന്റ് പ്രോട്ടോക്കോളുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രൊഫഷണല്‍ അല്ലാത്ത കളിക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്ത ആദ്യത്തെ ടൂര്‍ണമെന്റെന്ന നിലയില്‍ എസ്.സി.എല്ലിനുള്ള വ്യതിരിക്തമായ കാഴ്ചപ്പാട് സ്ട്രീറ്റ് ക്രിക്കറ്റ് ലീഗിന്റെ സ്ഥാപകന്‍ ഖലീല്‍ അല്ഖഹേരി വിശദീകരിച്ചു. എല്ലാ വാരാന്ത്യങ്ങളെയും കുടുംബ സൗഹൃദ കായിക വിനോദ വേളയാക്കിമാറ്റുന്ന കാര്‍ണിവല്‍ ശൈലിയിലുള്ള രീതിക്കൊപ്പം പ്രതിഭകള്‍ക്ക് അര്‍ത്ഥവത്തായ വഴികള്‍ സൃഷ്ടിക്കുന്നതിന് നൂതന സാങ്കേതികവിദ്യയും ഇതിന്റെ ഭാഗമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലങ്ങളില്‍ സുസ്ഥിരമായ ഇടപെടല്‍, ലോകകപ്പ് ട്രോഫി ടൂറുകള്‍ സംഘടിപ്പിക്കല്‍, ഐ.സി.സി. ലെവല്‍ 3 കോച്ചിംഗ് കോഴ്സുകള്‍ നടത്തല്‍, കഴിഞ്ഞ വര്‍ഷം വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കല്‍ എന്നിവയുള്‍പ്പെടെ ബഹ്റൈന്‍ ശ്രദ്ധേയമായ അന്താരാഷ്ട്ര നാഴികക്കല്ലുകള്‍ കൈവരിച്ചിട്ടുണ്ടെന്ന് ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്റെ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് മുഹമ്മദ് മന്‍സൂര്‍ പറഞ്ഞു. ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് സ്ട്രീറ്റ് ക്രിക്കറ്റ് ലീഗിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


