
ശബരിമല: ശബരിമലയില്‍ ഇത്തവണ റെക്കോര്‍ഡ് വരുമാനം. മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ കൂടുതലാണിത്. കാണിക്കയായി 83.17 കോടി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 297.06 കോടിയായിരുന്നു.
തിരക്കുള്ള ദിവസങ്ങളില്‍ പോലും ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കാനായെന്ന്് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. ആദ്യത്തെ ഒരു ദിവസത്തെ ആശയക്കുഴപ്പമൊഴിച്ചാല്‍ അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് ബാക്കി എല്ലാം ഭംഗിയായി നടന്നു. പൊലീസും ജീവനക്കാരും ഒത്തൊരുമിച്ചു കഴിഞ്ഞ 40 ദിവസവും സുഗമദര്‍ശനം ഉറപ്പാക്കിയെന്നും കെ. ജയകുമാര്‍ പറഞ്ഞു.
സദ്യ ഉള്‍പ്പെടുത്തി അന്നദാനത്തില്‍ ചെറിയ ഭേദഗതികള്‍ വരുത്താനായി. ചെറിയ കാര്യമാണെങ്കിലും ഇതിലെ മനോഭാവമാണ് പ്രധാനം. അന്നദാനപ്രഭുവായ അയ്യപ്പനെ കാണാന്‍ വരുന്ന ഭക്തര്‍ക്കു രുചികരമായ ഭക്ഷണം നല്‍കുക എന്ന ചിന്തയാണ് ഈ മാറ്റത്തിനു പിന്നില്‍. പരാതികള്‍ അപ്പേപ്പോള്‍ പരിഹരിക്കുന്ന നിലപാടാണ് ബോര്‍ഡും എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ജീവനക്കാരും സ്വീകരിച്ചിട്ടുള്ളത്. ഇത്രയും പേര് വരുന്ന സ്ഥലത്ത് പരാതികള്‍ സ്വഭാവികമാണ്. കോടതിയുടെ സമയോചിത നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുപോകുന്നതില്‍ ശ്രദ്ധിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ പാലിച്ചുപോകുന്നതുകൊണ്ട് കോടതിയുടെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ല.
അരവണ പ്രസാദം ആദ്യം മുപ്പതും നാല്പതും നല്‍കിയിരുന്നു. പിന്നീടത് ഇരുപതും പത്തും ആയി. അതില്‍ ഭക്തര്‍ക്കു നിരാശയുണ്ടായിട്ടുണ്ട്. അതുപരിഹരിക്കുന്നതിനുള്ള നടപടികള്‍ ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. ശനിയാഴ്ച നട അടയ്ക്കുമ്പോള്‍ മുതല്‍ അരവണയുടെ ഉല്പാദനത്തില് വര്‍ധന വരുത്തും. മകരവിളക്കിനായി നട തുറക്കുമ്പോള്‍ 12 ലക്ഷം ടിന് അരവണയുടെ കരുതല്‍ ശേഖരമുണ്ടാകും. പത്ത് എന്ന നിയന്ത്രണം തുടര്‍ന്നാല്‍ ശേഷിക്കുന്ന കാലയളവില്‍ പ്രശ്നമുണ്ടാകില്ല. കൂടുതല്‍ വേണ്ടവര്‍ക്ക് ജനുവരി 20ന് ശേഷം തപാല്‍മാര്‍ഗം അയക്കുന്നതിനുള്ള നടപടികള്‍ ബോര്‍ഡ് സ്വീകരിക്കും. ഡിസംബര്‍ 29ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ജയകുമാര്‍ പറഞ്ഞു.
മകരവിളക്കുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പമ്പയില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഇക്കാര്യത്തില്‍ വനംവകുപ്പിന്റെ സഹകരണം അത്യാവശ്യമാണ്. 29ന് തിരുവനന്തപുരത്ത്് വനംവകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ചു യോഗം ചേരും. പുല്ലുമേട്, കാനപാത വഴിയുള്ള പ്രശ്നങ്ങള്‍ ഈ 15 ദിവസം കൊണ്ടു പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.


