
മനാമ: മയക്കുമരുന്നിന് അടിമയായതിനാല്‍ തന്നെ മാതാവ് വീട്ടില്‍നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് താന്‍ മയക്കുമരുന്ന് റാക്കറ്റിന്റെ കെണിയിലകപ്പെട്ടതെന്ന് കോടതിയില്‍ യുവതിയുടെ മൊഴി.
ബഹ്റൈനില്‍ മയക്കുമരുന്ന് വിപണനക്കേസില് അറസ്റ്റിലായ മൂന്നു പ്രതികളിലൊരാളും ബഹ്റൈനിയുമായ 20കാരിയാണ് ഹൈ ക്രിമിനല്‍ കോടതിയില്‍ ഈ മൊഴി നല്‍കിയത്. യുവതിയുടെ ആണ്‍സുഹൃത്തും ബഹ്റൈനിയുമായ 27കാരനും 26 വയസുള്ളൊരു ലെബനാന്കാരനുമാണ് കേസിലെ മറ്റു പ്രതികള്‍.
വീട്ടില്‍നിന്ന് പുറത്തായതിനാല്‍ താന്‍ അധികസമയവും ചെലവഴിച്ചിരുന്നത് ആണ്സുഹൃത്തിനോടൊപ്പമായിരുന്നന്നെന്നും ഉറങ്ങിയിരുന്നത് ഒരു കാറിലായിരുന്നെന്നും യുവതി കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ യുവതിയും ആണ്‍സുഹൃത്തും ഉപയോഗിച്ചിരുന്ന കാര്‍ ഒരു ഷോപ്പിംഗ് സെന്ററിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ സംശയാസ്പദമായ നിലയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു. അടുത്തുചെന്നു നോക്കിയപ്പോള്‍ ഇരുവരും കാറില്‍ തളര്ന്നുകിടക്കുന്നതു കണ്ടു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കാറില്‍ മയക്കുമരുന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മയക്കുമരുന്ന് കച്ചവടക്കാരാണെന്ന് വ്യക്തമായത്.


