
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നതിനു മുമ്പേ വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയന് ഫോണില്‍ വിളിച്ച് അനുമോദിച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രിയോടു സംസാരിക്കാന്‍ വി വി രാജേഷ് ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പഴ്സനല്‍ അസിസ്റ്റന്റിനെ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി അടുത്ത് ഇല്ലാതിരുന്നതിനാല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം.
എന്നാല്‍ പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് പഴ്സനല്‍ അസിസ്റ്റന്റ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് പി എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. കോര്‍പറേഷനില്‍ ബിജെപിക്കെതിരെ സിപിഎം മത്സരിച്ചിരുന്നു. ദൈവങ്ങളുടെ പേരില്‍ ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ പരാതിയും നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ബിജെപി മേയര്‍ സ്ഥാനാര്‍ഥിയെ വിളിച്ച് അഭിനന്ദിച്ചെന്ന വാര്‍ത്ത രാഷ്ട്രീയ ചര്‍ച്ചയായി. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വീശദീകരണവുമായി രംഗത്തെത്തിയത്.
” ബിജെപി നേതാവ് വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയന് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. വെള്ളിയാഴ്ച രാവിലെ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ പഴ്സനല്‍ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാല്‍ പിന്നീട് കണക്ട് ചെയ്യാം എന്ന് പിഎ അറിയിച്ചു. അതുകഴിഞ്ഞ് പി എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു”.
”താന്‍ മേയര്‍ ആയി തെരഞ്ഞെടുക്കപ്പെടാന്‍ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ, അഭിനന്ദനങ്ങള്‍ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത വി വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകള്‍ അറിയിച്ചു എന്നാണ്. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്”, ഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.


