
തിരുവന്തപുരം: തലസ്ഥാനത്ത് ആദ്യമായി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബി ജെ പി കൗൺസിലർമാർ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മാരാർജി ഭവനിന് മുൻപിൽ നിന്നുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് മുൻ ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ. മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഔദ്യോഗിക വാഹനങ്ങളുടെ ചിത്രം പങ്കുവച്ച് ‘കട്ട വെയ്റ്റിംഗ് KERALA STATE -1’ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. തിരുവനന്തപുരം മേയർ ആയി വിവി രാജേഷും, ഡെപ്യൂട്ടി മേയർ ആയി ആശ നാഥും ആണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
അതേ സമയം, ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ മേയർ വിവി രാജേഷും ഡെപ്യൂട്ടി മേയർ ആശ നാഥും വീട്ടിലെത്തി കണ്ടു. ശ്രീലേഖയെ അനുനയിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ ശ്രമം. രാവിലെ മേയറുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും മുമ്പ് ശ്രീലേഖ മടങ്ങിയിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദർശനം എന്നാണ് വിവി രാജേഷിന്റെ വിശദീകരണം. പ്രധാനപ്പെട്ട നേതാക്കളെയൊക്കെ പോയി കാണുന്നുണ്ടെന്നും ഇവിടെ നിന്നാണ് തുടക്കം, ആരോഗ്യ മേഖലയിൽ നടപ്പാക്കാൻ പോകുന്ന കാര്യങ്ങളെ പറ്റി ഡോക്ടർ സേതുനാഥിനോടും സംസാരിച്ചു. എല്ലാ പ്രവർത്തനങ്ങളിലും പിന്തുണ അറിയിച്ചിട്ടുണ്ട് എന്നും രാജേഷ് പ്രതികരിച്ചു. എന്നാല്‍ മേയർ പദവി കിട്ടാത്തതിൽ ആർ ശ്രീലേഖക്ക് കടുത്ത അതൃപ്തിയെന്നാണ് റിപ്പോർട്ടുകൾ. വിവി രാജേഷിന്റെ സത്യപ്രതിജ്ഞ തീരും മുമ്പെ ശ്രീലേഖ കൗൺസിൽ ഹാളിൽ നിന്ന് പുറത്തുപോയത് ചർച്ചയായി.


