
തിരുവനന്തപുരം: സംസ്ഥാനത്ത് കോർപ്പറേഷനുകളിലെ മേയർമാരെയും മുനിസിപ്പാലിറ്റികളിലെ ചെയർപേഴ്സൺമാരെയും തെരഞ്ഞെടുത്തു. മേയർ തെരഞ്ഞെടുപ്പില്‍ കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. അതേസമയം, തിരുവനന്തപുരത്ത് ആദ്യമായി ബിജെപി മേയർ അധികാരത്തിലെത്തി. കോഴിക്കോട് മാത്രമാണ് എൽഡിഎഫ് മേയര്‍ വിജയിച്ചത്. ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കാണ്. പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ നടക്കും.
തിരുവനന്തപുരം
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറായി വി വി രാജേഷിനെ തെരഞ്ഞെടുത്തു. എം ആർ ഗോപനാണ് വി വി രാജേഷിൻ്റെ പേര് നിർദേശിച്ചത്. വി ജി ഗിരികുമാർ പിൻതാങ്ങി. 51 വോട്ടുകള്‍ നേടിയാണ് വി വി രാജേഷ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് വി വി രാജേഷിന് ലഭിച്ചത്. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർ പി ശിവജിക്ക് 29 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ കെ എസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസിന്റെ രണ്ട് വോട്ട് അസാധുവായി. ഒപ്പ് ഇട്ടതിലെ പിഴവ് മൂലമാണ് വോട്ട് അസാധുവായത്. കെ ആർ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടാണ് അസാധു ആയത്. ക്ലീറ്റസ് കൗൺസിലിലെ മുതിർന്ന അംഗമാണ്.
എന്‍ഡിഎ-50, എല്‍ഡിഎഫ്-29,യുഡിഎഫ്-19, മറ്റുള്ളവര്‍-2 എന്നിങ്ങനെയാണ് കോര്‍പ്പറേഷനിലെ കക്ഷിനില. പാറ്റൂരില്‍ നിന്നും ജയിച്ച സ്വതന്ത്രന് രാധാകൃഷ്ണന് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ, ചരിത്രത്തിലാദ്യമായി ഒരു കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തിലേറാന്‍ സാധ്യതയേറി. വിഴിഞ്ഞം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
കൊല്ലം
കൊല്ലം കോർപ്പറേഷൻ മേയറായി എ കെ ഹഫീസിനെ തെരഞ്ഞെടുത്തു. ഇടതുകോട്ടയായിരുന്ന കൊല്ലം പിടിച്ചെടുത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു എ കെ ഹഫീസ്. കോർപ്പറേഷനിലെ ആദ്യ യുഡിഎഫ് മേയറാണ് എ കെ ഹഫീസ്. മേയറുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി. എൽഡിഎഫ് – ബിജെപി കൗൺസിൽ അംഗങ്ങളാണ് ഇറങ്ങിപ്പോയത്. കക്ഷി നേതാക്കളെ സംസാരിക്കാൻ സമ്മതിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ഇറങ്ങി പോയത്.
കൊച്ചി
ഇടതുമുന്നണിയുടെ പക്കല്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ ഭരണം പിടിച്ച കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ വി കെ മിനിമോളാണ് പുതിയ മേയര്‍. 76 അംഗ കൗൺസിലില്‍ സ്വതന്ത്രന്റെ വോട്ട് ഉൾപ്പെടെ 48 വോട്ട് നേടിയാണ് മിനിമോൾ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ലീഗ് അംഗം ടി കെ അഷറഫാണ് മേയർ സ്ഥാനത്തേക്ക് മിനി മോളുടെ പേര് നിർദ്ദേശിച്ചത്. കോൺഗ്രസ് കൗൺസിലർ സീന പിന്താങ്ങി. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി അംബിക സുദർശന് 22 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് വിമതനും മിനിമോൾക്ക് വോട്ട് ചെയ്തു. ബിജെപിക്ക് 6 വോട്ട് ലഭിച്ചു. മിനിമോളെ ഷാൾ അണിയിച്ച് ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു. കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 46 സീറ്റില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 20 സീറ്റിലും എന്‍ഡിഎ ആറ് സീറ്റിലും സ്വതന്ത്രർ നാല് സീറ്റുകളിലും ജയിച്ചിരുന്നു.
തൃശ്ശൂര്‍
എല്‍ഡിഎഫില്‍ നിന്നും അധികാരം തിരിച്ച് പിടിച്ച തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ഡോ. നിജി ജസ്റ്റിന് വിജയിച്ചു. 35 വോട്ട് നേടിയാണ് നിജി ജസ്റ്റിൻ തൃശൂര്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധം ഉന്നയിച്ച ലാലി ജയിംസിന്റെ വോട്ടും കോൺഗ്രസിന് തന്നെയാണ് ലഭിച്ചത്. 2 സ്വതന്ത്ര കൗൺസിലരുടെ വോട്ടും കോൺഗ്രസിന് ലഭിച്ചു. കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റാണ് ഗൈനക്കോളജിസ്റ്റായ നിജി. കിഴക്കുംപാട്ടുകര ഡിവിഷനില്‍ നിന്നായിരുന്നു നിജിയുടെ വിജയം. 56 അംഗ തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 33 സീറ്റാണ് യുഡിഎഫ് നേടിയത്. എ പ്രസാദാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.
കോഴിക്കോട്
കോഴിക്കോട് കോര്പ്പറേഷൻ മേയറായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഓ സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ഓ സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടത്. 33 വോട്ടുകളാണ് ഓ സദാശിവന് ലഭിച്ചത്. രണ്ട് വോട്ട് അസാധുവായി. യുഡിഎഫിന് 28 വോട്ട് ലഭിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പില്‍ കേവല ഭൂരിപക്ഷം ആർക്കും ഇല്ലാത്തതിനാലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തിയത്. രണ്ടാംഘട്ട വോട്ടെടുപ്പിൽ നിന്നും എൻഡിഎ വിട്ടുനിന്നു. ഇനി മേയർ സ്ഥാനത്തേക്ക് എൽഡിഎഫ് സ്ഥാനാർഥി ഓ സദാശിവനും, യു ഡി എഫ് സ്ഥാനാർത്ഥി എസ് കെ അബൂബക്കറും മാത്രമാണ് മത്സരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഏക കോര്‍പ്പറേഷനാണ് കോഴിക്കോട്. 76 അംഗ കോര്‍പ്പറേഷനിലെ കക്ഷിനില: എല്‍ഡിഎഫ്-34, യുഡിഎഫ്-26, എന്‍ഡിഎ-13, മറ്റുള്ളവര്‍-3. കോര്‍പ്പറേഷനില്‍ കേവലഭൂരിപക്ഷത്തിന് 39 പേരുടെ പിന്തുണയാണ് വേണ്ടത്. സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മിറ്റിയംഗം ഒ സദാശിവന് ആണ് ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി.തടമ്പാട്ടുതാഴം വാര്‍ഡില്‍നിന്നുള്ള കൗണ്‍സിലറാണ് സദാശിവന്.
കണ്ണൂര്‍
കണ്ണൂര്‍ കോര്പ്പറേഷന് മേയറായി കോണ്‍ഗ്രസിലെ അഡ്വ. ടി. ഇന്ദിരയെ തെരഞ്ഞെടുക്കപ്പെട്ടു. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. മുസ്ലീം ലീഗിലെ കെ പി താഹിറാണ് പി ഇന്ദിരയുടെ പേര് നിർദ്ദേശിച്ചത്. റിജിൽ മാക്കുറ്റി പിന്താങ്ങി. ഇന്ദിരക്ക് 36 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ വി കെ പ്രകാശിനിക്ക് 15 വോട്ടും ബിജെപിയിലെ അര്‍ച്ചന വണ്ടിച്ചാലിന് നാല് വോട്ടുമാണ് ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടാകാത്ത കോര്‍പ്പറേഷനാണ് കണ്ണൂര്‍. 56 അംഗ കോര്‍പ്പറേഷനില്‍ 36 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. നഗരസഭയിലെ കക്ഷിനില: യുഡിഎഫ്-36, എല്‍ഡിഎഫ്-15, എന്‍ഡിഎ-4, മറ്റുള്ളവര്‍-1.
മറ്റ് ഇടങ്ങളില്‍
പാലാ നഗരസഭയിൽ 21 കാരിയായ ദിയ ബിനു പുളിക്കകണ്ടം ചെയർപേഴ്സണായി വിജയിച്ചു. 14 വോട്ടുകൾ നേടിയാണ് ദിയ ജയിച്ചത്. പെരുമ്പാവൂർ നഗരസഭയിൽ ചെയർപേഴ്സൺ ആയി യുഡിഎഫിലെ കെ എസ് സംഗീത തെരഞ്ഞെടുക്കപ്പെട്ടു. 29 അംഗങ്ങളുള്ള നഗരസഭയിൽ യുഡിഎഫിന് 16 വോട്ടുകളും എൽഡിഎഫിന് 11 വോട്ടുകളും ലഭിച്ചു. രണ്ട് അംഗങ്ങളുള്ള എൻഡിഎ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. തൊടുപുഴ നഗരസഭ അധ്യക്ഷയായി ലീഗിന്റെ സാബിറ ജലീലിനെ തെരഞ്ഞെടുത്തു. 38 അംഗ നഗരസഭയിൽ 22 വോട്ട് സാബിറ ജലീലിന് ലഭിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി ആര് ഹരി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കട്ടപ്പന നഗരസഭ അധ്യക്ഷനായി യുഡിഎഫിന്റെ ജോയി വെട്ടിക്കുഴി വിജയച്ചു. എൽഡിഎഫിലെ വി ആർ സജിയെ 7 വോട്ടിനാണ് ജോയി പരാജപ്പെടുത്തിയത്. ജോയി വെട്ടിക്കുഴിക്ക് 20 വോട്ടും വി ആർ സജിക്ക് 13 വോട്ടുമാണ് ലഭിച്ചത്. രണ്ട് ബിജെപി അംഗങ്ങൾ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ശ്രീകണ്ഠാപുരം നഗരസഭയില്‍ യുഡിഎഫിലെ ഇ വി രാമകൃഷ്ണനെ ചെയർമാനായി തെരഞ്ഞെടുത്തു. തലശ്ശേരി നഗരസഭയില്‍ സിപിഎമ്മിലെ കാരായി ചന്ദ്രശേഖരൻ ചെയർമാനായി വിജയിച്ചു. പയ്യന്നൂർ നഗരസഭയില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശിയെ ചെയർമാനായി തെരഞ്ഞെടുത്തു.
കൂത്താട്ടുകുളം നഗരസഭ ചെയർമാനായി യുഡിഎഫിന്റെ റെജി ജോൺ ചുമതലയേറ്റു. എൽഡിഎഫിലെ സണ്ണി കുര്യാക്കോസും മത്സര രംഗത്തുണ്ടായിരുന്നു. റെജി ജോണിന് 16 വോട്ടും സണ്ണി കുര്യാക്കോസിന് 10 വോട്ടുകളും ലഭിച്ചു. 4-ാം വാർഡ് കൗൺസിലറും കൂത്താട്ടുകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാണ് റെജി. കൽപ്പറ്റ നഗരസഭയില്‍ സിപിഎമ്മിലെ വിശ്വനാതൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
17 വോട്ട് നേടിയാണ് വിജയം. യുഡിഎഫിലെ സരോജിനിക്ക് 11 വോട്ടാണ് ലഭിച്ചത്. രണ്ട് ബിജെപി അംഗങ്ങൾ വോട്ട് അസാധു ആക്കി. തളിപ്പറമ്പ് നഗരസഭയില്‍ മുസ്ലിംലീഗിലെ പികെ സുബൈറാണ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇരിങ്ങാലക്കുടയിൽ കോൺഗ്രസിലെ എം പി ജാക്സൻ നഗരസഭാ ചെയർമാനായി വിജയിച്ചു. പരവൂർ നഗരസഭ ചെയർമാനായി എൽഡിഎഫിലെ ജയലാൽ ഉണ്ണിത്താനെ തെരഞ്ഞെടുത്തു. അതേസമയം, എറണാകുളം തൃപ്പുണിത്തുറ നഗരസഭയിൽ ബിജെപിയിൽ നിന്നുള്ള അഡ്വ. പി എൽ ബാബവിനെ ചെയർമാനായി തെരെഞ്ഞടുത്തു.
അങ്കമാലി നഗരസഭ അധ്യക്ഷയായി യുഡിഎഫിലെ റീത്താ പോൾ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന് കേവലഭൂരിപക്ഷം ഇല്ലാതിരുന്ന നഗരസഭയിൽ നാല് സ്വതന്ത്രരും യുഡിഎഫിന് വോട്ട് ചെയ്തതോടെയാണ് ഭരണം കിട്ടിയത്. സ്വതന്ത്രരുടെ പിന്തുണയോടെ 31 അംഗ കൗൺസിലിൽ 16 പേരുടെ പിന്തുണ യുഡിഎഫ് ഉറപ്പാക്കി. ആന്തൂർ നഗരസഭയിൽ സിപിഎമ്മിലെ വി സതീദേവിയാണ് ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തത്. കരുനാഗപ്പള്ളി നഗരസഭ ചെയർമാനായി യുഡിഎഫിന്റെ പി. സോമരാജനെ തെരഞ്ഞെടുത്തു. തൃക്കാക്കര നഗരസഭ ചെയർമാനായി യുഡിഎഫിലെ റാഷിദ് ഉള്ളംപള്ളി തെരഞ്ഞെടുക്കപ്പെട്ടു. കൊട്ടാരക്കര നഗരസഭയില്‍ ചെയർപേഴ്സണായി എൽഡിഎഫിലെ അനിതാ ഗോപകുമാറിനെ തെരഞ്ഞെടുത്തു. അതേസമയം, കായംകുളം നഗരസഭയിൽ യുഡിഎഫിലെ മുസ്ലിം ലീഗ് അംഗം ശരത് ലാൽ ബെല്ലാരി നഗരസഭ ചെയർമാനായി വിജയിച്ചു. കായംകുളം നഗരസഭ സ്വതന്ത്രർ യുഡിഎഫിനൊപ്പമാണ് നിന്നത്. ഒരു സിപിഎം കൗൺസിലറുടെ വോട്ട് അസാധുവായി. ഒരു സ്വതന്ത്ര അംഗം (ഷാമില അനിമോൻ) വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. പത്തനംതിട്ട നഗരസഭയില്‍ കോൺഗ്രസിലെ സിന്ധു അനിലും അടൂർ നഗരസഭയിൽ കോൺഗ്രസിലെ റീന സാമുവലും അധ്യക്ഷമാരായ തെരഞ്ഞെടുക്കപ്പെട്ടു.
ആലുവ നഗരസഭാ അധ്യക്ഷയായി കോൺഗ്രസിലെ സൈജി ജോളി വിജയിച്ചു. നിലവിൽ ഉപാധ്യക്ഷയായിരുന്നു. കോതമംഗലം – കോതമംഗലം നഗരസഭയുടെ ചെയർ പേഴ്സണായി കോൺഗ്രസിലെ ഭാനുമതി രാജു തെരഞ്ഞെടുക്കപ്പെട്ടു. 33 അംഗ കൗൺസിലിൽ എല്‍ഡിഎഫിലെ മരിയ രാജുവിന് 8 വോട്ടും യുഡിഎഫിലെ ഭാനുമതി രാജുവിന് 23 വോട്ടും ലഭിച്ചു.ഒരു സ്വതന്ത്രൻ യുഡിഎഫിന് വോട്ട് ചെയ്തപ്പോൾ ഒരാൾ അസാധുവാക്കി. ബിജെപിയുടെ ഏക അംഗം ഗീത ജയകുമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. മാനന്തവാടി നഗരസഭയിൽ കോൺഗ്രസിലെ ജേക്കബ് സെബാസ്റ്റ്യൻ ചെയർമാൻ ആയി തെരഞ്ഞെടുത്തു. കോൺഗ്രസിലെ ജമാൽ മണക്കാടനാണ് കളമശ്ശേരി നഗരസഭ ചെയർമാൻ. 32 വോട്ടുകൾ ജമാലിന് ലഭിച്ചു. ഇടതുപക്ഷ സ്ഥാനാർത്ഥി കേറ്റി മനോജിന് 13 വോട്ടുകളാണ് ലഭിച്ചത്. ചേർത്തലയിൽ എല്‍എഫിലെ എസ്. സോബിൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. സുൽത്താൻ ബത്തേരി നഗരസഭ ലീഗിലെ റസീന അബ്ദുൽ ഖാദർ ചെയർപേഴ്സൻ ആയി തെരഞ്ഞെടുത്തു. 14 നെതിരെ 21 വോട്ട് നേടിയാണ് ജയം. ഏക ബിജെപി അംഗം വോട്ടിൽ നിന്ന് വിട്ടു നിന്നു.
നീലേശ്വരം നഗരസഭാ ചെയര്‍മാനായി സിപിഎമ്മിലെ പി പി മുഹമ്മദ് റാഫിയെ തെരഞ്ഞെടുത്തു. യുഡിഎഫിലെ ഇ. ഷജീറിനെതിരെ 21–13 വോട്ടുകള്‍ക്കാണ് മുഹമ്മദ് റാഫി വിജയിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ മുഹമ്മദ് റാഫി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കൂടിയാണ്. മുസ്ലീം ലീഗിലെ ഷാഹിന സലിമിനെ കാസർകോട് നഗരസഭാ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. ബിജെപിയിലെ കെ. ശാരദയെ 12 നെതിരെ 24 വോട്ടുകളാണ് ഷാഹിന സലിം പരാജയപ്പെടുത്തിയത്. സിപിഎമ്മിലെ ഒരു കൗൺസിലറും രണ്ട് സ്വതന്ത്ര അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുക്കാതെ ബാലറ്റ് തിരിച്ചേൽപ്പിച്ചു. പുനലൂർ നഗരസഭ ചെയർമാനായി എൽഡിഎഫിലെ എം എ രാജഗോപാലിനെ തെരഞ്ഞെടുത്തു. കോട്ടയം നഗരസഭയിൽ കോൺഗ്രസിലെ എംപി സന്തോഷ് കുമാർ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് സന്തോഷ്കുമാർ നഗരസഭ അധ്യക്ഷൻ സ്ഥാനത്ത് എത്തുന്നത്. ചങ്ങനാശ്ശേരി നഗരസഭയിൽ കോൺഗ്രസിലെ ജോമി ജോസഫ് ചെയർമാനായി വിജയിച്ചു. തിരുവല്ല നഗരസഭയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ എസ്. ലേഖ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. ഹരിപ്പാട് നഗരസഭ ചെയർപേഴ്സണായി കോൺഗ്രസിലെ വൃന്ദ എസ് കുമാറിനെ തെരഞ്ഞെടുത്തു.
വൈക്കം നഗരസഭയിൽ കോൺഗ്രസിലെ അബ്ദുൽസലാം റാവുത്തർ ചെയർമാനായി. യുഡിഎഫിന് 13 വോട്ടും എൽഡിഎഫിന് 9 വോട്ടുമാണ് ലഭിച്ചത്. ബിജെപിയും രണ്ട് സ്വതന്ത്രരും തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. ആലപ്പുഴയിൽ LDF ന് ലഭിച്ച ഏക നഗരസഭയായ ചേർത്തലയിൽ എസ്. സോബിൻ ചെയർമാനായി വിജയിച്ചു. സോബിന്‍ 21 വോട്ടും യുഡിഎഫിലെ ഉണ്ണി കൃഷ്ണന് 10 വോട്ടും ലഭിച്ചു. എന്‍ഡിഎ സ്ഥാനാർത്ഥിക്ക് 4 വോട്ടും ലഭിച്ചു. ഒരു ബിജെപി അംഗം ഹാജരായില്ല. പട്ടാമ്പി നഗരസഭ ചെയർമാനായി യു.ഡി.എഫിലെ ടി.പി. ഷാജി തെരഞ്ഞെടുക്കപ്പെട്ടു. പന്തളം നഗരസഭ ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്ത പന്തളം നഗരസഭയിൽ സിപിഎമ്മിലെ എം.ആർ. കൃഷ്ണകുമാരി അധ്യക്ഷ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഷൊർണൂർ നഗരസഭാധ്യക്ഷയായി എൽഡിഎഫ് വിമത സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച പി. നിർമല തിരഞ്ഞെടുക്കപ്പെട്ടു. കേവല ഭൂരിപക്ഷമില്ലാത്ത എൽഡിഎഫിനോട് പി നിർമല അധ്യക്ഷ സീറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഭരണം നിലനിർത്താൻ പി നിർമലയെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനിച്ചത്. 17 എൽഡിഎഫ് അംഗങ്ങളും നിർമലക്ക് വോട്ട് ചെയ്തു. നിർമലയുടെ വോട്ടടക്കം ആകെ 18 വോട്ടുകൾ നേടി ബിജെപിയുടെ 12 വോട്ടുകൾ അഡ്വ സിനി മനോജ് നേടി ടി സീന കോൺഗ്രസിൻ്റെ 5 വോട്ടുകൾ നേടി
സിപിഎമ്മിന്റെ യു.കെ.ചന്ദ്രനെ കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുത്തു. നഗരസഭയിൽ എൽഡിഫിന് 22 ഉം യുഡിഎഫിന് 20 ഉം ബിജെപിക്ക് നാലും അംഗങ്ങൾ ആണുള്ളത്. 22 വോട്ടുകളാണ് യു.കെ.ചന്ദ്രന് നേടിയത്. 19 വോട്ടുകള്‍ യു.ഡി.എഫ് നേടി. യുഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച മാനവികം മെമ്പർ ബീനയുടെ വോട്ടാണ് അസാധുവായത്. ആലപ്പുഴ നഗരസഭ യുഡിഎഫിന്റെ മോളി ജേക്കബ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. മോളി ജേക്കബിന് 24 വോട്ട് ലഭിച്ചു. എല്‍ഡിഎഫിലെ കെ കെ ജയമ്മയ്ക്ക് 23 വോട്ടുകളാണ് ലഭിച്ചത്.


