
തിരുവനന്തപുരം: എസ്ഐആര്‍ കരട് പട്ടിക പ്രകാരം ഏറ്റവും അധികം വോട്ടര്‍മാര്‍ പുറത്താക്കപ്പെട്ടത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വലിയ തോതില്‍ വോട്ടര്‍മാര്‍ കുറഞ്ഞത്. കേരളത്തില്‍ ആദ്യമായി ബിജെപി വിജയിച്ച തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി മുന്നിലെത്തിയ ആറ് നിയമസഭാ മണ്ഡലങ്ങളിലും വലിയൊരു വിഭാഗം വോട്ടര്‍മാര്‍ തീവ്ര പരിഷ്കരണത്തില്‍ പുറത്തായി. ഒല്ലൂര്‍- 30364, തൃശൂര്‍- 28883, നാട്ടിക – 22983, ഇരിങ്ങാലക്കുട- 17912, പുതുക്കാട്- 18489, മണലൂര്‍-19573 എന്നിങ്ങയൊണ് കണക്കുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ ബിജെപി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന ആക്ഷേപം നിലനില്‍ക്കെയാണ് എസ്ഐആര്‍ പട്ടികയില്‍ ഇത്തരം ഒരു വ്യത്യാസം പ്രകടമാകുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമത് എത്തിയ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 23507 പേര് പട്ടികയില്‍ നിന്ന് പുറത്തായി. കണ്ടെത്താന്‍ കഴിയാതെ ഒഴിവാക്കപ്പെട്ടവരും കൂടുതല്‍ പാലക്കാടാണുള്ളത്. 15922 പേരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മലമ്പുഴ നിയോജക മണ്ഡലത്തിലും 29039 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. അതേസമയം, സംസ്ഥാനത്ത് ഏറ്റവുമധികം പേര് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായത് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളിലാണെന്നും ആക്ഷേപങ്ങളുണ്ട്. സംസ്ഥാനത്ത് ബിജെപി എ ക്ലാസ് മണ്ഡലങ്ങള്‍ എന്ന് കണക്കാക്കുന്ന 14 മണ്ഡലങ്ങളാണ് ഏറ്റവും കൂടുതല്‍ പേര് പുറത്താക്കപ്പെട്ട ആദ്യത്തെ 20 മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നത്.
തിരുവനന്തപുരം, വട്ടിയൂര്‍കാവ്, നേമം, കഴക്കൂട്ടം, പാലക്കാട് ദേവികുളം, തൃപ്പൂണിത്തറ, എറണാകുളം, തൃക്കാക്കര, പാറശ്ശാല, ഒല്ലൂര്‍, കൊച്ചി, തൃശൂര്‍, മലമ്പുഴ, ആറന്മുള, കോവളം, നെടുമങ്ങാട്,നെയ്യാറ്റിന്‍കര, കോഴിക്കോട് നോര്‍ത്ത്, പീരുമേട് മണ്ഡലങ്ങളാണ് കൂടുതല്‍ വോട്ട് ഒഴിവാക്കിയ ആദ്യ 20 മണ്ഡലങ്ങള്‍.
തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നാണ് കരട് പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ പേര് പുറത്തായിരിക്കുന്നത്. 54,627 പേരാണ് തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. വട്ടിയൂര്‍ക്കാവ്- 49,740, നേമം – 45,618 എന്നിവയാണ് പട്ടികയില്‍ മുന്നിലുള്ളത്. 25,000ത്തില്‍ അധികം വോട്ടര്‍മാര്‍ നീക്കം ചെയ്യപ്പെടുമെന്ന് കരട് പട്ടിക വ്യക്തമാക്കുന്ന മണ്ഡലങ്ങളിലും മുന്‍നിരയില്‍ ബിജെപി സ്വാധീന മണ്ഡലങ്ങളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൊല്ലം ജില്ലയിലെ ഇരവിപുരം 18,519, ചാത്തന്നൂര്‍ 16,899 , കൊല്ലം 16,833 മണ്ഡലങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര് പുറന്തള്ളപ്പെടുക. ആലപ്പുഴയില്‍ മാവേലിക്കര (18,212), കായംകുളം (17,729) അമ്പലപ്പുഴ (17,648). പത്തനംതിട്ട – ആറന്മുള (28,402) തിരുവല്ല (19,752), റാന്നി (19,071). കോട്ടയം – ചങ്ങനാശേരി (20,065), കോട്ടയം (20,750), കാഞ്ഞിരപ്പള്ളി (19,437)ഇടുക്കി- ദേവികുളം (30,621), പീരുമേട് (25,878), എറണാകുളം – എറണാകുളം (40,039), തൃക്കാക്കര (39,639) തൃപ്പൂണിത്തുറ (36,419). തൃശൂര്‍ – ഒല്ലൂര്‍ (30,346), നാട്ടിക (22,983), തൃശൂര്‍ (28,883). പാലക്കാട് – മലമ്പുഴ (29,039) പാലക്കാട് (23,507), ചിറ്റൂര്‍ (18,334). മലപ്പുറം – പൊന്നാനി (18,381), തവനൂര്‍ (14,082) വണ്ടൂര്‍ (12,975). കോഴിക്കോട് നോര്‍ത്ത് (23,709), കോഴിക്കോട് സൗത്ത് (18,509), ബാലുശ്ശേരി (17,606). വയനാട് – സുല്‍ത്താന്‍ ബത്തേരി (14,375). കണ്ണൂര്‍- അഴീക്കോട് (11,266), കണ്ണൂര്‍ (11,242), ഇരിക്കൂര്‍ (10,539), കാസര്‍കോട് – മഞ്ചേശ്വരം (15,521), അഴീക്കോട് (11,266), മഞ്ചേശ്വരം (15,521) എന്നിങ്ങനെയാണ് കണക്കുകള്‍.


