
മനാമ: യെമനില്‍ തടവുകാരെ കൈമാറുന്നതിന് ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര റെഡ് ക്രോസിന്റെയും ആഭിമുഖ്യത്തില്‍ സൗദി അറേബ്യയുടെ സഹകരണത്തോടെ ഒമാന്റെ മധ്യസ്ഥതയില്‍ മസ്കത്തറ്റില് ഒപ്പുവെച്ച കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
യെമനില്‍ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനും സമഗ്രവും സമാധാനപരവുമായ ഒത്തുതീര്‍പ്പുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുമുള്ള ഒരു നല്ല ചുവടുവെപ്പായി ഈ കരാറിനെ രാജ്യം കണക്കാക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ശ്രമങ്ങള്‍ക്കും അതിന്റെ നടപ്പാക്കല്‍ സംവിധാനത്തിനും യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2216നും അനുസൃതമായി യെമന്റെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുകയും സുരക്ഷ, സ്ഥിരത, സമാധാനം എന്നിവയ്ക്കായുള്ള ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന രീതിയില്‍ യെമനില്‍ ശാശ്വതമായ ഒരു രാഷ്ട്രീയ പരിഹാരം കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര, പ്രാദേശിക ശ്രമങ്ങള്‍ക്കും പ്രസ്താവനയില്‍ ബഹ്റൈന്റെ ഉറച്ച പിന്തുണ പ്രഖ്യാപിച്ചു.


