
തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായ ജയിൽ ഡിഐജി എംകെ വിനോദ് കുമാറിന് ഒടുവിൽ സസ്പെൻഷൻ. വൻ തുക കൈക്കൂലി വാങ്ങി ടിപി കേസിലെ പ്രതികൾക്ക് അടക്കം വിനോദ് കുമാർ ജയിലിൽ സുഖസൗകര്യമൊരുക്കിയെന്നായിരുന്നു കണ്ടെത്തൽ. സസ്പെൻഡ് ചെയ്യണമെന്ന് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ട് നാലു ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്.
ജയിൽ ആസ്ഥാനത്തെ ഡിഐജിയുടെ അമ്പരപ്പിക്കുന്ന അഴിമതി വിവരങ്ങളാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞിട്ടും സിപിഎമ്മുമായുള്ള ബന്ധത്തിൻ്റെ പേരിൽ വിനോദ് കുമാറിന് കിട്ടിയത് സംരക്ഷണമായിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിൽ കേസെടുത്ത വിജിലൻസ് ഡയറക്ടർ നാലു ദിവസം മുമ്പ് തന്നെ സസ്പെൻഷന് ശുപാർശ ചെയ്തിരുന്നു. നാലുമാസം മാത്രമാണ് വിനോദ് കുമാറിന് ഇനി സർവീസിൽ ബാക്കിയുള്ളത്. അന്വേഷണം തീരും വരെയാണ് സസ്പെൻഷൻ.
ടിപികേസിലെ പ്രതികളായ കൊടി സുനി, അണ്ണൻ സിജിത് എന്നിവരിൽ നിന്ന് പരോളിന് പണം വാങ്ങി, ലഹരിക്കേസ് പ്രതികൾക്കും ക്വട്ടേഷൻ പ്രതികൾക്കും ജയിലിൽ സൗകര്യം ഒരുക്കാനും വൻതുക കൈപ്പറ്റി എന്നിവയാണ് കണ്ടെത്തൽ. ശമ്പളത്തിന് പുറമെ വിനോദ് കുമാറിൻ്റെയും ഭാര്യയുടേയും അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ പ്രതിമാസം എത്തിയതും കണ്ടെത്തി. വിനോദ് കുമാർ ജയിലുകളിൽ ചട്ടവിരുദ്ധമായി സന്ദർശിച്ച് തടവുകാരുമായി കൂടിക്കാഴ്ച നടത്തിയതിൽ ദുരുഹൂതയുണ്ടെന്ന് മധ്യമേഖല ജയിൽ ഡിഐജി മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിട്ടും നടപടി ഉണ്ടായില്ല. അനധികൃത സ്വത്ത് സമ്പാദനകേസിൽ പ്രതിയായിട്ടും ഉന്നതങ്ങളിലെ സംരക്ഷണമാണ് തുണയായത്. ഒടുവിൽ കൈവിട്ടുള്ള പിന്തുണ വലിയ ചർച്ചയായതിന് പിന്നാലെയാണ് സസ്പെൻഷൻ.


