
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായതായി അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയ പാർട്ടികളുടെ കൈയിലും വോട്ടർ പട്ടിക എത്തിക്കാൻ നീക്കം ആരംഭിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പേരുകൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ ceo.kerala.gov.in, voters-corner ലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ecinet മൊബൈൽ ആപ്പ് voters.eci.gov.in വെബ്സൈറ്റ് എന്നിവ വഴി സൗകര്യമുണ്ട്.
2,78,50856 ആയിരുന്നു വോട്ടർമാർ. ആകെ 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. മരിച്ചവര്‍ 6,49,885, കണ്ടെത്താനാകാത്തവര്‍ 6,45,548, സ്ഥലം മാറിയവര്‍ 8,21,622. 91.35 ശതമാനവും പൂരിപ്പിച്ചു ലഭിച്ചു. 8.65 ശതമാനം അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ട്.
ഇനിയും പേര് ചേർക്കാൻ യോഗ്യരായവരുണ്ടെങ്കിൽ ഫോം പൂരിപ്പിച്ച് തന്നാൽ ചേർക്കാനാകുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പുതിയതായി ചേർക്കാനുള്ളവരും പ്രവാസികളായവരും ഫോം 6എ പൂരിപ്പിച്ച് നൽകണം. ഇതിനൊപ്പം സത്യവാങ്മൂലവും സമര്‍പ്പിക്കണം. ഇന്നു മുതല്‍ ഒരു മാസത്തേക്ക് പരാതികള്‍ ഉള്‍പ്പെടെ പരിഗണിക്കും. എല്ലാ ഫോമുകളും വെബ്സൈറ്റില്‍ ലഭ്യമാണ്. ബിഎല്‍ഒമാരെ സമീപിച്ചും ഫോമുകള്‍ പൂരിപ്പിക്കാം.
ജനുവരി 22 വരെയാണ് പരാതികളും മറ്റും പരിഗണിക്കുക. ഹിയറിങ്ങില്‍ പരാതി ഉണ്ടെങ്കില്‍ 15 ദിവസത്തിനകം ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. അതിലും പരാതിയുണ്ടെങ്കില്‍ 30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫീസറെ സമീപിക്കാം. കരട് വോട്ടര്‍ പട്ടിക പരിശോധിച്ച് വോട്ടുണ്ടോ എന്ന് എല്ലാവരും ഉറപ്പിക്കണമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.


