
മനാമ: ബഹ്റൈന്‍ ടെന്നീസ് ഫെഡറേഷന്റെയും (ബി.ടി.എഫ്) അറബ് ടെന്നീസ് ഫെഡറേഷന്റെയും സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച അഞ്ചാമത് അറബ് മാസ്റ്റേഴ്സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ജോര്‍ദാനിയന്‍ താരം മുഹമ്മദ് അല്‍ ഖുതുബിനെ 7-6, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി ടുണീഷ്യന്‍ താരം അസീസ് വഖ കിരീടം നേടി.
പോലീസ് ഓഫീസേഴ്സ് ക്ലബ് കോര്‍ട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ 10 അറബ് രാജ്യങ്ങളില്‍നിന്നായി 24 കളിക്കാര്‍ മാറ്റുരച്ചു. സമാപന ചടങ്ങില്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ബഹ്റൈന്‍ രാജാവിന്റെ യൂത്ത് ആന്റ് സ്പോര്‍ട്സ് അഫയേഴ്സ് ഉപദേഷ്ടാവ് സാലിഹ് ബിന്‍ ഈസ ബിന്‍ ഹിന്ദി അല്‍ മന്നായ്, അറബ് ടെന്നീസ് ഫെഡറേഷന് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ അബ്ദുല്ല അല്‍ സബാഹ്, ബഹ്റൈന്‍ പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സന്, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി സി.ഇ.ഒ. ഡോ. അബ്ദുറഹ്മാന് സാദിഖ് അസ്കര്‍, ബി.ടി.എഫ്. പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ മുബാറക് അല്‍ ഖലീഫ, ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന് വൈസ് പ്രസിഡന്റ് സല്‍മ മൗലിഹി, ആഭ്യന്തര മന്ത്രാലയത്തിന്റെ ടെന്നീസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷെയ്ഖ് ഖാലിദ് ബിന്‍ റാഷിദ് അല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു.
ടൂര്‍ണമെന്റിന്റെ സമാപനത്തില്‍ ആഭ്യന്തര മന്ത്രി വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും നല്കി. എല്ലാവര്ക്കും അദ്ദേഹം തുടര്‍ന്നും വിജയം ആശംസിച്ചു.


