
റിയാദ്: വധശിക്ഷ നടപ്പാക്കുന്നതില്‍ വീണ്ടും റെക്കോര്‍ഡ് സൃഷ്ടിച്ച് സൗദി അറേബ്യ. തുര്‍ച്ചയായ രണ്ടാം വര്‍ഷവും മുന്നൂറില്‍ അധികമാണ് സൗദിയില്‍ വധ ശിക്ഷ നേരിട്ടവരുടെ എണ്ണം. ഈ വര്‍ഷം ഇതുവരെ കുറഞ്ഞത് 347 വധശിക്ഷയെങ്കിലും നടപ്പാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. 2024 ല്‍ 345 ആയിരുന്നു നടപ്പാക്കിയത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വധശിക്ഷാ വിരുദ്ധ സംഘനയായ റിപ്രൈവ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. സംഘടനയുടെ നിരീക്ഷണം ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ വധ ശിക്ഷകള്‍ നടപ്പിലാക്കപ്പെട്ട വര്‍ഷം കൂടിയാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.
മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന രണ്ട് പാകിസ്ഥാന് പൗരന്മാരാണ് പട്ടികയില്‍ അവസാന പേരുകാരെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ മൂന്നില്‍ രണ്ട് ഭാഗവും മയക്കുമരുന്നുമായി ബന്ധപ്പെട്ടതും, മാരകമല്ലാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരുമായിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നടപടിയെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷം ശിക്ഷയ്ക്ക് വിധേയരായവരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു. സൗദിയില്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ പേരില്‍ പിടിക്കപ്പെട്ട രണ്ട് യുവാക്കളും പട്ടികയിലുണ്ട്. പിടിക്കപ്പെടുമ്പോള്‍ പ്രായപൂര്‍ത്തിപോലും ആകാത്തവരായിരുന്നു ഇരുവരും. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട ഭൂരിഭാഗം പേരും വിദേശികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വധശിക്ഷകളില്‍ 96 എണ്ണം ഹാഷിഷുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് റിപ്രീവ് പറയുന്നു.
വധശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം സൗദിയില്‍ വര്‍ഷാവര്‍ഷം ഉയരുന്നു മനുഷ്യാവകാശ സംഘടനകളും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. 2022 ന് ശേഷമാണ് മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ വധ ശിക്ഷയ്ക്ക് വിധേയമാക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചത്.


