
ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി
തലസ്ഥാനത്ത് സംഭവിച്ചത്
തിരുവനന്തപുരം കോർപറേഷൻ 100 ൽ 50 സീറ്റുകളിൽ വിജയം നേടിയാണ് ബി ജെ പി അധികാരം പിടിച്ചെടുത്തത്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ബി ജെ പിക്ക് തലസ്ഥാന നഗരം ഭരിക്കാം. വിഴിഞ്ഞം ഡിവിഷനിൽ തെരഞ്ഞെടുപ്പ് നടന്നില്ല. ഒരു സ്ഥാനാർഥി മരിച്ചതിനാലാണ് ഇവിടെ വോട്ടെടുപ്പ് നടക്കാതിരുന്നത്. കോർപറേഷനിൽ കേവല ഭൂരിപക്ഷം തൊടാൻ ഇവിടെ ബി ജെ പിക്ക് ജയിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ജയിച്ച രണ്ട് സ്വതന്ത്രരെ ഒപ്പം കൂട്ടണം. മറുവശത്ത് ഭരണം നഷ്ടമായ ഇടതുപക്ഷം 29 സീറ്റിലാണ് ജയിച്ചത്. യു ഡി എഫ് 19 സീറ്റിലും വിജയിച്ചു. ഇരുമുന്നണികളും ചേർന്നാൽ ആകെ 48 സീറ്റാകും. സ്വതന്ത്രരുടെ പിന്തുണ കൂടി നേടാനായാൽ ആകെ 50 സീറ്റാകും. എന്നാൽ അധികാരം പിടിക്കാനായി അത്തരത്തിലുള്ള കുതിരക്കച്ചവടത്തിനില്ലെന്നാണ് സി പി എമ്മിന്റെയും കോൺഗ്രസിന്റെയും നിലപാട്. അതുകൊണ്ടുതന്നെ ബി ജെ പിക്ക് അനായാസം അധികാരത്തിലേറാം. ജില്ലയിലെ മുൻ അധ്യക്ഷൻ വി വി രാജേഷ്, മുൻ ഡി ജി പി ശ്രീലേഖ എന്നവരെയാണ് മേയർ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.


