
കൊല്ലം/തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡിൽ. 14 ദിവസത്തേക്കാണ് ശ്രീകുമാറിനെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ദ്വാരാകല ശിൽപ്പ കേസിലാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദ്വാരപാലക പാളികള്‍ കൈമാറുമ്പോള്‍ സാക്ഷിയായി ഒപ്പിട്ടത് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറാണെന്നാണ് എസ്ഐടി കണ്ടെത്തൽ.ഇതിനിടെ സ്വർണ്ണക്കൊള്ളയക്ക് പിറകിൽ അന്താരഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന വിവരം രമേശ് ചെന്നിത്തലയക്ക് കൈമാറിയ പ്രവാസി വ്യവസായിയുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക പാളികൾ കൈമാറിയപ്പോൾ മഹസറിൽ സാക്ഷിയായി ഒപ്പിട്ട അന്നത്തെ അഡിമിനിസട്രേറ്റീവ് ഓഫീസർക്കും ഗുരുതര വീഴ്ച പറ്റിയെന്നാണ് എസ്ഐടി കണ്ടെത്തൽ. പാളികൾ സ്വർണം പൊതിഞ്ഞതാണെന്നറിഞ്ഞിട്ടും കൊള്ള നടത്താൽ ഉദ്യോഗസ്ഥൻ കൂട്ടുനിന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പ്രത്യേക സംഘം രേഖപ്പെടുത്തിയിരിക്കുന്നത്. പാളികൾ തിരികെ എത്തിച്ചപ്പോഴും തൂക്കം പരിശോധിക്കാതെ മഹസറിൽ ഒപ്പിട്ടതിലും വീഴ്ചയുണ്ടെന്നാണ് കണ്ടെത്തൽ.ഇന്ന് രാവിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പ്രത്യേക സംഘം ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഹൈക്കോടതിയും വിചാരണ കോടതിയും ശ്രീകുമാറിന്റെ മുൻകൂർ ജാമ്യ ഹർജി തളളിയിരുന്നു.
എന്നാൽ, താൻ എ.ഒ ആയി ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ പാളികൾ കൈമാറാനുള്ള മഹസറിന്റെ കരട് മുരാരി ബാബു തയ്യാറാക്കിയിരുന്നുവെന്നും ചെമ്പ് പാളികൾ എന്ന് എഴുതിയതിനെക്കുറിച്ച് അറിവില്ലെന്നുമാണ് ശ്രീകുമാര്‍ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഒപ്പിടുക എന്നത് തന്റെ ഉത്തരവാദിത്തം ആയിരുന്നുവെന്നാണ് ശ്രീകുമാർ ചോദ്യം ചെയ്യലിൽ പറഞ്ഞത്. ദേവസ്വം മാന്വൽ പ്രകാരം തിരുവാഭരണം അടക്കമുള്ള അമൂല്യ വസ്തുക്കളിന്മേൽ യാതൊരു നിയന്ത്രണവും എ.ഒയ്ക്ക് ഇല്ലെന്നും മൊഴി നൽകി. ഇതിനിടെ ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിറകിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചെന്ന രമേശ് ചെന്നിത്തലയുണ്ടെന്ന പരാതിയിൽ ആരോപണ വിധേയനായ ദുബായ് വ്യവസായിയിൽ നിന്ന് എസ്ഐടി മൊഴി എടുത്തു. കൊള്ളയിൽ ഉൾപ്പെട്ട ഒരാളുമായി ബന്ധപ്പെട്ട് തനിക്ക് ഉണ്ടായ വ്യക്തിഗത അനുഭവങ്ങൾ വ്യവസായി അറിയിച്ചു. എന്നാൽ, രേഖകൾ ഒന്നും ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.ഇതിനിടെ കേസിലെ മറ്റൊരു പ്രതിയും മുൻ ദേവസ്വം സെക്രട്ടറിയുമായ ജയശ്രീ നൽകിയ മുൻകൂർ ജാമ്യ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. നേരത്തെ ഹൈക്കോടതി രണ്ട് വട്ടം ഹർജി തള്ളിയിരുന്നു.
ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്ന് ആവശ്യം. അഭിഭാഷകൻ എ കാർത്തിക്കാണ് ജയശ്രീക്കായി ഹർജി സമർപ്പിച്ചത്. ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ശ്രീകുമാറിനെ അറസ്റ്റ് ചെയ്തതിനിടെയാണ് ജയശ്രീയുടെ മുൻകൂര്‍ ജാമ്യ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കുന്നത്. സന്നിധാനത്തെ അമൂല്യവസ്തുക്കളിൽ നിന്ന് സ്വർണം കവർന്നതിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വൻ തോക്കുകൾ പുറത്തുവരാനുണ്ടെന്നും കോടതി വാദത്തിനിടെ നിരീക്ഷിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.


