
മനാമ: ബഹ്റൈനിന്റെ അവധിക്കാല സീസണിന്റെ ഭാഗമായി എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ ബഹ്റൈന്‍ കോഫി ഫെസ്റ്റിവല്‍ 2025 ആരംഭിച്ചു.
ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി, എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി എന്നിവയുടെ സഹകരണത്തോടെ ഡി.എക്സ്.ബി. ലൈവ് ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 13 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ 20ലധികം രാജ്യങ്ങളില്‍നിന്നുള്ള 100ലധികം പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളുണ്ട്.
കാപ്പി പ്രേമികള്‍ക്കും പ്രൊഫഷണലുകള്‍ക്കും മനോഹരമായ അനുഭവം നല്‍കുന്നതിന് മികച്ച വിദഗ്ധരെയും ആഗോള ബ്രാന്‍ഡുകളെയും അണിനിരത്തിക്കൊണ്ടുള്ള വൈവിധ്യമാര്‍ന്ന കാപ്പി ഇനങ്ങള്‍ ഇവിടെയുണ്ട്.
ഡിസംബര്‍ 11, 12 തീയതികളില്‍ 54 പേര് പങ്കെടുക്കുന്ന ‘ലാറ്റെ ആര്‍ട്ട്’ മത്സരം ഫെസ്റ്റിവല്‍ പരിപാടികളുടെ ഭാഗമായി നടക്കും. ഇതിന് ഒന്നാം സമ്മാനം 1,200 ബഹ്റൈന്‍ ദിനാറാണ്. ആഗോള വിദഗ്ധര്‍ നയിക്കുന്ന 25ലധികം പ്രൊഫഷണല്‍ ശില്പശാലകളുണ്ടാകും.
സന്ദര്‍ശന സമയം ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 10 വരെയും ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി 10 വരെയുമാണ്.


