
മനാമ: ബഹ്റൈനില്‍ വ്യാജരേഖകളുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ രണ്ടു സഹോദരന്മാര്ക്കും അതിലൊരാളുടെ ഭാര്യയ്ക്കും കീഴ്ക്കോടതി വിധിച്ച ശിക്ഷ ഫസ്റ്റ് ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു.
സഹോദരന്മാരിലൊരാള് 2023ല്‍ തന്റെ ഭാര്യയെ നോമിനിയാക്കിക്കൊണ്ട് 5 ലക്ഷം ദിനാറിന്റെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. പിന്നീട് ഇയാള്‍ വിദേശത്തുവെച്ച് മരിച്ചതായി വ്യാജരേഖകളുണ്ടാക്കി ഇയാളുടെ ഭാര്യയും സഹോദരനും ചേര്‍ന്ന് ഇന്‍ഷുറന്‍സ് തുകയ്ക്കായി അപേക്ഷ നല്കി.
എന്നാല്‍ ഇയാള്‍ മരിച്ചിട്ടില്ലെന്നും വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്നും ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളും ഭാര്യയും സഹോദരനും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് കേസെടുത്തത്.
നേരത്തെ കീഴ്ക്കോടതി രണ്ടു സഹോദരന്മാര്ക്കും പത്തു വര്‍ഷം വീതം തടവും ഭാര്യയ്ക്ക് ഒരു വര്‍ഷം തടവും വിധിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ട് ഹൈ ക്രിമിനലില് അപ്പീല്‍ കോടതി ഇവരുടെ ശിക്ഷ ശരിവെക്കുകയായിരുന്നു.


