
മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം സംഘടിപ്പിക്കുന്ന ബഹ്റൈന്‍ മൃഗ- കാര്ഷികോല്പന്ന പ്രദര്‍ശനം (മാറായി 2025) ഡിസംബര്‍ 9 മുതല്‍ 13 വരെ നടക്കും.
ആഭ്യന്തര കാര്ഷികോല്പാദനം മുന്നോട്ടു കൊണ്ടുപോകാനും നിലനിര്‍ത്താനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ദേശീയ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാനാണ് ഈ പ്രദര്‍ശനം.
കാര്‍ഷിക- മൃഗ പ്രദര്‍ശനങ്ങള്‍, കലാ പ്രദര്‍ശനം, പൈതൃക ഗ്രാമം, കര്‍ഷക വിപണി, കന്നുകാലി വിപണി, കുട്ടികളുടെ കളിസ്ഥലം ഇതിന്റെ ഭാഗമായി ഉണ്ടാകും. ജി.സി.സി, അറബ് രാജ്യങ്ങളില്‍നിന്നുള്ള പ്രദര്‍ശകര്‍ പങ്കെടുക്കും. കൂടാതെ ഒരു അന്താരാഷ്ട്ര കുതിര പ്രദര്‍ശനവുമുണ്ടാകും.


