
ന്യൂഡല്‍ഹി: യെമന്‍ തടഞ്ഞുവച്ച മലയാളി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു. ആലപ്പുഴ കായംകുളം സ്വദേശിയാണ്. അനില്‍കുമാര്‍ രവീന്ദ്രനെ മസ്കറ്റില്‍ എത്തിച്ചയായും ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകര്‍ന്ന ചരക്ക് കപ്പലിലെ അംഗമായിരുന്നു അനില്‍കുമാര്‍ രവീന്ദ്രന്. കപ്പപ്പിലെ മറ്റ് 10 പേരെയും മോചിപ്പിച്ചു. താന്‍ യെമനിലുണ്ടെന്ന് അനില്‍ കുമാര്‍ കുടുംബത്തെ അറിയിച്ചെങ്കിലും പിന്നീട് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കപ്പലില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിന് രക്ഷപ്പെട്ട് നാട്ടിലെത്തുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ കാണാന്‍ അനില്‍കുമാറിന്റെ ഭാര്യ ശ്രീജ കന്യാകുമാരിയിലെത്തിയിരുന്നു.
ഗ്രീക്ക് കമ്പനിയുടെ ലൈബീരിയന്‍ റജിസ്ട്രേഷനുള്ള ‘ഏറ്റേണിറ്റി സി’ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 30 ഓളം ജീവനക്കാര്‍ ആയിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.


