
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര പരിസരത്തുള്ള ടോയ്ലറ്റ് ബ്ലോക്കിനു സമീപമുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരിക്ക്. അറ്റകുറ്റപ്പണികളുടെ ഭാഗമായെത്തിയ ജോലിക്കാർക്കാണ് പരിക്കേറ്റത്. 25 ടോയ്ലറ്റുകൾ ഉണ്ടായിരുന്ന കെട്ടിടത്തിൽ വെൽഡിങ് ജോലികളായിരുന്നു നടന്നുവന്നത്. വെൽഡിങ്ങിനെത്തിയ രണ്ടുപേർക്കാണ് പൊട്ടിത്തെറിയെ തുടർന്ന് നിസാരപരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ടോയ്ലറ്റ് ബ്ലോക്കിന്റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായത്. കാലങ്ങളായി ഉപയോഗിക്കാതെ കിടന്ന ശുചിമുറികൾ അറ്റകുറ്റപ്പണി നടത്തി ക്ഷേത്രത്തിലെത്തുന്നവർക്ക് തുറന്നു കൊടുക്കാനായിരുന്നു പദ്ധതി. പൊട്ടിത്തെറിയുണ്ടായ പിന്നാലെ സമീപത്തുണ്ടായ കരാർ ജോലിക്കാർ ചൂട് അടിച്ചതോടെ ഓടിമാറി. ഓടുന്നതിനിടെ വീണാണ് ഇവർക്ക് നിസാരപരിക്കുകളേറ്റത്. അപകട വിവരം അറിഞ്ഞ് ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കാലങ്ങളായി ഉപയോഗിക്കാത്തതിനാൽ ശുചിമുറിയുടെ ടാങ്കിനുള്ളിൽ ഗ്യാസ് രൂപപ്പെട്ടിട്ടുണ്ടാകുമെന്നും കെട്ടിടത്തിന്റെ മുകളിൽ വെൽഡിങ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും തീപ്പൊരി ഇവിടേക്ക് വീണതാകാം അപകടകാരണമെന്നുമാണ് വിലയിരുത്തൽ.കെട്ടിടത്തിന് ബലക്ഷയം മൂലം തകർച്ചയുണ്ടായതാണെന്നും സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് ബോംബ് സ്ക്വാഡും അറിയിച്ചു.


