
മനാമ: സ്വതന്ത്ര പലസ്തീന് രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഉറച്ച പിന്തുണ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ട് ബഹ്റൈനില്‍ നടന്ന 46ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടി സമാപിച്ചു.
സാഖിര്‍ കൊട്ടാരത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തിന്റെ സമാപനച്ചടങ്ങിന്റെ തുടക്കത്തില്‍ ജി.സി.സി. സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി സാഖിര്‍ പ്രഖ്യാപനം നടത്തി.
ജി.സി.സി. രാജ്യങ്ങളുടെയും മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിക്കണമെന്നും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റാരും ഇടപെടാതിരിക്കണമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിക്കുന്നത് ഉറപ്പാക്കാനും മാനുഷിക സഹായം വിതരണം ചെയ്യാനും പുനര്‍നിര്‍മ്മാണം നടത്താനും കിഴക്കന്‍ ജറുസലേം തലസ്ഥാനമായി അതിര്‍ത്തി പങ്കിടുന്ന സ്വതന്ത്ര, പരമാധികാര പലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ക്ക് പ്രഖാപനത്തില്‍ പിന്തുണ പ്രഖ്യാപിച്ചു.
എല്ലാ രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, സാമൂഹിക മേഖലകളിലും ജി.സി.സി. രാജ്യങ്ങള്‍ക്കിടയില്‍ ഏകോപനവും സഹകരണവും മുന്നോട്ട് കൊണ്ടുപോകും.
മദ്ധ്യപൂര്‍വദേശത്ത് നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുക, സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പ്രാദേശിക, അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടന്ന ഷാം അല്‍ ഷെയ്ഖ് സമാധാന ഉച്ചകോടിയുടെ ഫലങ്ങളെ ജി.സി.സി. രാഷ്ട്രനേതാക്കള്‍ സ്വാഗതം ചെയ്യുന്നതായും പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.


