
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി വീണ്ടും റെയില്‍വേ കരാര്‍ ജീവനക്കാരന് പിടിയില്‍. ടാറ്റാ നഗര്‍ എക്സ്പ്രസിലെ കരാര്‍ ജീവനക്കാരനില്‍ നിന്ന് പന്ത്രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ബിഹാര്‍ സ്വദേശി മുഹമ്മദ് ഫയാസുള്ളയാണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷന് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഫയാസുള്ളയുടെ കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എ നിസാമുദ്ദീന്‍ പറഞ്ഞു.
ടാറ്റാ നഗര്‍ എക്സ്പ്രസിലെ ബെഡ് റോള്‍ തൊഴിലാളിയാണ് പിടിയിലായ പ്രതി. നാല് ദിവസം മുമ്പ് ഇതേ ട്രെയിനിലെ മറ്റൊരു ബെഡ് റോള്‍ തൊഴിലാളിയെയും മറ്റ് രണ്ട് മലയാളികളെയും കഞ്ചാവുമായി പിടികൂടിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കരാർ ജീവനക്കാരനായ ഉത്തരേന്ത്യൻ സ്വദേശി സുഖലാലിനെ റെയിൽവേ പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തിയ സനൂപ്, ദീപക്ക് എന്നീ മലയാളികളെയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 56 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. റെയില്‍വേ ജീവനക്കാരെ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നതിന് പിന്നില്‍ വലിയ സംഘമുണ്ടെന്ന സംശയം റെയിൽവേ പൊലീസിനുണ്ട്.


