
മനാമ: 46ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിക്ക് ബഹ്റൈനില്‍ തുടക്കമായി.
സഖിര്‍ കൊട്ടാരത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അദ്ധ്യക്ഷത വഹിച്ചു. ജി.സി.സി. രാജ്യങ്ങളിലെ ഭരണാധികാരികള്‍, നേതാക്കള്‍, പ്രതിനിധികള്‍, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്, ജി.സി.സി. സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ രാജ്യത്തിന് അഭിമാനമുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ രാജാവ് പറഞ്ഞു. ജി.സി.സിയുടെ ഉന്നത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവിടുത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും കാരണമായ കഴിഞ്ഞ ഉച്ചകോടിക്ക് നേതൃത്വം നല്‍കിയതിന് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍-ജാബര്‍ അല്‍ സബാഹിന് ആത്മാര്‍ത്ഥമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.
സ്ഥാപക പിതാക്കന്മാര് സമര്‍പ്പണത്തോടും വാത്സല്യത്തോടും കൂടി സ്ഥാപിച്ച ഈ അഭിമാനകരമായ ഗള്‍ഫ് കൂട്ടായ്മയുടെ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കൂടുതല്‍ സഹകരണത്തിനായുള്ള അതിന്റെ സമീപനത്തിന്റെ വ്യക്തമായ സ്ഥിരീകരണം നമുക്ക് ലഭിക്കും. അതിന്റെ തന്ത്രപരമായ പ്രാധാന്യവും ഐക്യവും ഈ കൗണ്‍സിലിന്റെ ചാര്‍ട്ടറില്‍ പറഞ്ഞിരിക്കുന്നതുപോലെ പ്രാദേശിക, അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ സജീവവും സ്വാധീനമുള്ളതുമായ ഫലപ്രദമായ ശക്തി എന്ന നിലയും ഇത് പ്രകടമാക്കുന്നുവെന്നും രാജാവ് പറഞ്ഞു.


